പാലക്കാട്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവിൽ വിജയകരമായ അന്ത്യം.
നേരത്തെയും കേരളത്തിൽ രക്ഷാപ്രവർത്തനത്തിനു സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്കു വേണ്ടി,
കേരളത്തിൽ, ഇത്രയും മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാദൗത്യം ഇതാദ്യമാണ്. സംസ്ഥാനത്ത് ഒരാൾക്കുവേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്.
സൈന്യവും എൻഡിആർഎഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കയ്ക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോൾ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു.
എന്നാൽ സൈന്യം എത്തിയതോടെ വേഗത്തിൽതന്നെ ബാബുവിനെ മുകളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്കു സാധിച്ചു.
പ്രളയകാലത്താണ് മലയാളി അവസാനമായി സൈന്യത്തിന്റെ രക്ഷാദൗത്യത്തെ കണ്ടത്.
അന്നു പ്രളയജലത്താൽ ഒറ്റപ്പെട്ട വീടുകളിൽനിന്ന് നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി. ഗർഭിണിയെ ഹെലികോപ്റ്ററിൽ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രക്ഷാനായകൻ ഏറ്റുമാനൂരിന്റെ അഭിമാനപുത്രൻ
ഏറ്റുമാനൂർ: കുന്പാച്ചിമലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ പിഴവറ്റ ആസൂത്രണത്തിലൂടെ ഇന്ത്യൻ സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയപ്പോൾ ഏറ്റുമാനൂർ നിവാസികൾക്കും അതിരന്പുഴ പഞ്ചായത്തിനും അഭിമാനനിമിഷമായി.
രക്ഷാപ്രവർത്തനത്തിന്റെ ഓരോ നിമിഷവും സസൂക്ഷ്മം ആസൂത്രണം ചെയ്ത് നേതൃത്വം നൽകിയ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് ഏറ്റുമാനൂർ തവളക്കുഴി സ്വദേശിയാണ്.
തവളക്കുഴി ജംഗ്ഷനു സമീപം അതിരന്പുഴ പഞ്ചായത്ത് നാലാം വാർഡ് മുത്തുച്ചിപ്പിയിൽ റിട്ടയേർഡ് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. രാജപ്പന്റെയും സി.എസ്. ലതാഭായിയുടെയും മകനായ ഹേമന്ദ് രാജ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദുരന്തമേഖലകളിലെ രക്ഷാനായകനായിട്ടുണ്ട്.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടപ്പെട്ട കുന്നൂർ ഹെലികോപ്റ്റർ അപകടസ്ഥലത്തെ രക്ഷാദൗത്യം സേന ഏൽപ്പിച്ചത് ഹേമന്ദ് രാജിനെയായിരുന്നു.
സ്തുത്യർഹമായ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഊട്ടി വെല്ലിംഗ്ടണിൽ സേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് ആദരം നൽകി.
2018ലെ മഹാപ്രളയത്തിൽ ചെങ്ങന്നൂർ, ആലപ്പുഴ മേഖലകളിൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രളയ ദുരന്തങ്ങളുണ്ടായപ്പോഴെല്ലാം രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരുന്നത് അദ്ദേഹത്തെയാണ്.
കഴക്കൂട്ടം സൈനിക് സ്കൂളിലെ പഠനത്തിനുശേഷം പൂനയിലെ നാഷണൽ ഡിഫൻസ് അക്കാഡമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിലായിരുന്നു പരിശീലനം.
2019ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടി. കഴിഞ്ഞവർഷം ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചു. വളരെ വർഷങ്ങൾക്കുശേഷമായിരുന്നു ഒരു മലയാളിക്ക് ഈ നിയോഗം ലഭിക്കുന്നത്.
ഭാര്യ ഡോ. തീർത്ഥ തവളക്കുഴിയിൽ ടൂത്ത് ഫെയർ എന്ന പേരിൽ ദന്താശുപത്രി നടത്തുന്നു. മകൻ ഒന്നാം ക്ലാസ് വിദ്യാർഥിയായ അയാൻ.
രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതോടെ മുത്തുച്ചിപ്പി വീട്ടിലേക്ക് മാധ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയും പ്രവാഹമായിരുന്നു.
ബാബുവിന്റെ ദിനമെന്നു നടൻ ഷെയ്ൻ നിഗം
ഭക്ഷണവും വെള്ളവുമില്ലാതെ 45 മണിക്കൂറോളം മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങി ആത്മവിശ്വാസത്തോടെ പിടിച്ചു നിന്ന ബാബുവിനെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം.
നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചുനിന്ന ബാബുവിന്റേതാണ് ഈ ദിനമെന്ന് ഷെയ്ൻ കുറിച്ചു.
നടന്റെ കുറിപ്പിൽനിന്ന്…
ഒടുവിൽ സന്തോഷവാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി.
40 മണിക്കൂർ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചുനിന്ന ബാബുവിന്റേതാണ് ഈ ദിവസം.