പുണ്യം നിറയുന്ന നോന്പുകാലങ്ങളിലൊന്നിലാണ് ആ കുരുന്നു ജീവൻ നിഷ്കരുണം ആക്രമിക്കപ്പെട്ടത്. 2019 മേയ് എട്ടിനു കാഷ്മീരിലെ സുന്പലിലായിരുന്നു മനസിനെ വേദനിപ്പിക്കുന്ന സംഭവം. ആ ദിവസം, നോന്പു തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ മൂന്നു വയസുകാരിയുടെ കുടുംബം.
വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കളിയും ചിരിയുമായി ഓടിനടന്ന ആ കുഞ്ഞിക്കാലിലെ കൊലുസിന്റെ കിലുക്കം പെട്ടെന്നു നിലച്ചു. എന്നാൽ, നോന്പുതുറക്കാനുള്ള ഒരുക്കത്തിനിടയിൽ കുഞ്ഞിന്റെ അസാന്നിധ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
അല്ലെങ്കിലും ചില നേരങ്ങൾ അങ്ങനെയാണല്ലോ എതോ ഒരു ദുഷ്ടശക്തി കറുത്ത തുണിയുപയോഗിച്ചു നമ്മുടെ കാഴ്ചമറയ്ക്കും.
ഉപേക്ഷിക്കപ്പെട്ട നിലയിൽ
മിഠായിയുടെ മധുരം കാണിച്ച് ആ പിശാച് കുട്ടിയെ അവളുടെ അച്ഛനമ്മമാരുടെ സ്നേഹലാളനകളുടെ ചൂടിൽനിന്നു തട്ടിയെടുത്തു. വീട്ടിൽനിന്നു കുഞ്ഞിനെയുമെടുത്ത് അയാൾ പോയതു സമീപത്തുള്ള സ്കൂളിന്റെ ശൗചാലയത്തിലേക്കായിരുന്നു.
അവിടെ വച്ച് അയാൾ ആ പിഞ്ചുശരീരത്തെ കടന്നാക്രമിച്ചു. പാൽമണം മാറാത്ത അവളെ അയാൾ പിച്ചിച്ചീന്തി. അധികം വൈകിയില്ല. കുട്ടി വീട്ടിലില്ലെന്നറിഞ്ഞ കുടുംബം ഉടൻതന്നെ അന്വേഷിച്ചിറങ്ങി. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ സ്കൂളിന്റെ ശൗചാലയത്തിൽ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
പ്രദേശത്തുനിന്നു കിട്ടിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ താഹിർ അഹമ്ദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ അയാൽവാസിയായ ഇയാൾ സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിച്ച ശേഷം കാർ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി നോക്കിവരികയായിരുന്നു. പലരും പ്രതിക്കു പ്രായപൂർത്തിയായിട്ടില്ല എന്ന വാദവുമായി മുന്നോട്ടുവന്നെങ്കിലും അതു പിന്നീടു പൊളിഞ്ഞു.
തെറ്റു ചെയ്യാൻ പ്രായം തടസമായിരുന്നില്ലോ എന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയർന്നു.മിഠായിയും കളിപ്പാട്ടങ്ങളും കാണിച്ചു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആദ്യത്തേയോ അവസാനത്തേയോ സംഭവമല്ല ഇത്. ഇത്തരം ദുഷ്ടന്മാർ കുട്ടികളെ തങ്ങളിലേക്ക് ആകർഷിക്കാനായി പതിവായി ഉപയോഗിക്കുന്ന തന്ത്രവും ഇതുതന്നെ.
ആ പതിനൊന്നുകാരൻ
മൂന്നു മക്കളുള്ള ആ അച്ഛനും അമ്മയ്ക്കും ജോലിക്കു പോകാതിരിക്കാൻ വഴിയില്ല. കുട്ടികളെ ഏൽപ്പിച്ചുപോകാൻ മുതിർന്നവർ വീട്ടിൽ ഇല്ലാത്തതിനാൽ മൂന്നു വയസുള്ള മകളെ ഒൻപതു വയസുകാരൻ ചേട്ടനും ഏഴു വയസുകാരി ചേച്ചിക്കും ഒപ്പം ആക്കിയിട്ടാണ് അവർ ജോലിക്കു പോകുന്നത്.
കുഞ്ഞുവാവയെ കളിപ്പിക്കാൻ പോകുന്നുവെന്നു പറഞ്ഞാണ് അയൽവീട്ടിലെ പതിനൊന്നുകാരൻ അന്നും വീട്ടിൽ നിന്നിറങ്ങിയത്. സമയം കിട്ടുന്പോഴൊക്കെ കുഞ്ഞുമായി കളിക്കുന്നതിനായി പോകുന്നതു മകന്റെ പതിവായതുകൊണ്ടു തന്നെ അവന്റെ അമ്മയ്ക്ക് അതിൽ സംശയമൊന്നും തോന്നിയില്ല.
അടുത്ത വീട്ടിലെ കുഞ്ഞുവാവയെ അവൻ സ്വന്തം അനിയത്തിയെപ്പോലെ കാണുന്നതിൽ ഇരുവീട്ടുകാരും സന്തോഷിച്ചിരുന്നു. അവൻ എത്തുന്പോഴേക്ക് അച്ഛനും അമ്മയും ജോലിക്കു പോയിരുന്നു. കളിക്കാൻ പോയ കുട്ടി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും മടങ്ങി വന്നു. അപ്പോഴും എന്തെങ്കിലും അസ്വാഭാവികത ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
വേട്ടക്കാരായി മാറുന്നവർ
എന്നാൽ, ആ ദിവസം വൈകുന്നേരമായതോടെ രണ്ടു കുടുംബങ്ങളുടെയും സ്വസ്ഥതയും സമാധാനവുമെല്ലാം തകിടംമറിഞ്ഞു. ജോലി കഴിഞ്ഞു വീട്ടിലെത്തിയ അച്ഛനും അമ്മയും കണ്ടതു വേദനകൊണ്ട് കരയുന്ന മൂന്നു വയസുകാരിയെയാണ്. ആ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവുകൾകണ്ട് അമ്മ കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് ഒാടി.
അവിടെനിന്നു വിവരം പോലീസിലും എത്തി. കുറ്റം ചെയ്ത കുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്കു മാറ്റി. മുതിർന്നവർ മാത്രമല്ല കൗമാരത്തിലേക്കു കടക്കാത്ത കുട്ടികൾ വരെ ഇത്തരം താത്പര്യങ്ങളോടെ വേട്ടക്കാരായി മാറുന്നുവെന്നതു സമൂഹത്തെ ഞെട്ടിക്കുന്നതാണ്.
മൊബൈൽ ഫോണിലൂടെയും മറ്റു വഴികളിലൂടെയും കുട്ടികളിലേക്ക് എത്തുന്ന അശ്ലീല ചിത്രങ്ങളും മറ്റുമാണ് പലപ്പോഴും കുട്ടികളെ ഇത്തരം അതിക്രമങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്നു ഡെറാഡൂണിൽ നടന്ന ഈ സംഭവം സൂചിപ്പിക്കുന്നു.
അക്ഷരങ്ങളോടും കളിപ്പാട്ടങ്ങളോടും വർണങ്ങളോടും കൂട്ടുകൂടേണ്ട പ്രായത്തിൽ കുട്ടികളുടെ മനസിലേക്കു ദുഷ്പ്രേരണകൾ കടന്നുവരുന്ന വഴികളെ തടയേണ്ടിയിരിക്കുന്നു. കണ്ടെത്തിയാൽ മാത്രം പോരാ അവർക്ക് ആവശ്യമായ കൗൺസലിംഗും ചികിത്സയും നൽകി അവർക്കുള്ളിലെ ചെകുത്താനെ കുടിയൊഴിപ്പിക്കേണ്ടത് സമൂഹത്തിന്റെ തന്നെ നന്മയ്ക്ക് അനിവാര്യമാണ്.
(തുടരും).