ഒരു ഗ്രാമപ്രദേശത്തു ജനിച്ചു വളർന്ന ജെസി എന്ന പെൺകുട്ടി റോംഗ് നന്പരിലൂടെ വിഷ്ണു എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതോടെ ജെസി വിഷ്ണുവിനെ നേരിൽ കാണുന്നതിനായി ഒറ്റയ്ക്കു കോഴിക്കോട്ടേക്കു വണ്ടി കയറുന്നു.
എന്നാൽ, ആത്മാർഥമായി തന്നെ പ്രണയിക്കുന്നയാളെ കാണാനെത്തുന്ന ജെസിയെ കാത്തിരിക്കുന്നതു വലിയ പരീക്ഷണങ്ങളാണ്. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വരുന്ന ജെസി അതിൽ തളരാതെ കരുത്തോടെ മുന്നോട്ടു പോകാൻ തീരുമാനിക്കുന്നു.
മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്ന ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. അന്നാ ബെന്നും റോഷനും ശ്രീനാഥ് ഭാസിയുമെല്ലാം തകർത്തഭിനയിച്ച ഈ ചിത്രം അച്ഛനമ്മമാർക്കും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമെല്ലാമുള്ള ഒരു മുന്നറിയിപ്പായിരുന്നു.
സിനിമാക്കാര്യമെന്തിനാണ് ഇവിടെ പറയുന്നത് എന്നു ചിന്തിക്കാൻ വരട്ടെ. കപ്പേളയോട് എവിടെക്കെയോ സാദൃശ്യമുള്ള എന്നാൽ, സിനിമയല്ല ജീവിതമെന്ന് ഓർമിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ചു പറയുന്നതിനു മുൻപുള്ള ആമുഖം മാത്രമാണിത്.
പ്രണയവഴിയിൽ
2019 ജൂണിൽ ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് ആരെയും വേദനിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഓങ്കോളിൽ ആറുപേർ ചേർന്നു പതിനാറുകാരിയായ പെൺകുട്ടിയെ ഒരാഴ്ചയോളം തടവിലാക്കി പീഡിപ്പിച്ചു. വിജയവാഡയിലുള്ള സുഹൃത്തിനെക്കാണാൻ ഒറ്റയ്ക്കു വന്ന പെൺകുട്ടിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.
സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ സിദ്ധാർഥ് കൗശൽ പറയുന്നതിങ്ങനെ: അച്ഛൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്പോഴാണ് പെൺകുട്ടി രാമു എന്ന യുവാവിനെ പരിചയപ്പെടുന്നത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പരിചയം സൗഹൃദമായും, സൗഹൃദം പ്രണയമായും വളർന്നു. അച്ഛനെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തപ്പോൾ പരസ്പരം ഫോൺനന്പർ കൈമാറുകയും പിന്നീടു ഫോണിലൂടെ ബന്ധം തുടരുകയും ചെയ്തു.
ഒരു നിമിഷത്തെ അവിവേകം
ഒരു ദിവസം അമ്മ വഴക്കുപറഞ്ഞതിൽ പരിഭവിച്ചു വീടുവിട്ടു കാമുകനായ രാമുവിനെ കാണാൻ പുറപ്പെട്ടു. എന്നാൽ, വിജയവാഡയിലെത്തിയപ്പോഴേക്കും ഫോണിന്റെ ചാർജ് തീർന്ന പെൺകുട്ടി സമീപത്തെ കടയിൽ കണ്ട ബാജി എന്ന വ്യക്തിയോടു സഹായം അഭ്യർഥിച്ചു.
കുട്ടിയുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ അയാൾ രാമുവിനെ അറിയാമെന്നും രാമുവിന്റെ അടുത്തെത്താൻ സഹായിക്കാമെന്നും ഉറപ്പു നൽകി. ഭിന്നശേഷിക്കാരനായ ബാജിയുടെ സംസാരത്തിൽ അസ്വാഭാവികമായ ഒന്നും ഉള്ളതായി പെൺകുട്ടിക്കു തോന്നിയില്ല. ഇയാളുടെ വാക്കുകൾ വിശ്വസിച്ച പെൺകുട്ടി അയാൾക്കൊപ്പം പോയി.
ബസ് സ്റ്റാൻഡിൽനിന്ന് അയാൾ അവളെ കൂട്ടിക്കൊണ്ടു പോയത് അയാളും സുഹൃത്തുക്കളും അവൾക്കായി കെണിയൊരുക്കിയ മുറിയിലേക്കായിരുന്നു.
മുറിയിലെത്തിയതും ബാജിയുടെ സ്വഭാവം മാറി. അയാൾ ആ പെൺകുട്ടിയെ മർദിച്ച് അവശയാക്കുകയും കടന്നാക്രമിക്കുകയും ചെയ്തു. അയാളുടെ ഊഴം കഴിഞ്ഞപ്പോൾ അവൾ എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നു കരുതി.
എന്നാൽ, ദുരിതദിനങ്ങൾക്കു തുടക്കമായിരുന്നു അത്. തന്റെ ആവശ്യം കഴിഞ്ഞപ്പോൾ അയാൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അവളെ അവർക്കു കൈമാറി. മൃഗീയഭാവങ്ങളുമായി കടന്നുവന്നരെല്ലാം അവളെ കടന്നാക്രമിച്ചു.
തുടർച്ചയായി ഏഴു ദിവസങ്ങളാണ് ആ മുറിയിൽ അവൾ കൊടും പീഡനത്തിനും അതിക്രമത്തിനും ഇരയായി മാറിയത്. എല്ലാവരുടെയും ആവശ്യം കഴിഞ്ഞപ്പോൾ മരണത്തിന്റെ വക്കിലെത്തിയ അവളെ പ്രതികൾ സമീപത്തെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചു സ്ഥലംവിട്ടു.
അബോധാവസ്ഥയിൽ
നാട്ടുകാരാണ് അതീവഗുരുതരാവസ്ഥയിൽ ആ പെൺകുട്ടിയെ ബസ് സ്റ്റോപ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അവർ അവളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയുംചെയ്തു.
ആശുപത്രിയിൽ ദിവസങ്ങൾ നീണ്ട പരിചരണങ്ങൾക്കു ശേഷമാണ് ആ പെൺകുട്ടിക്കു ബോധം വീണ്ടുകിട്ടിയത്. വനിത പോലീസുകാരുടെ സംഘമായ ശക്തിടീം അവളോടു വിവരങ്ങൾ ആരാഞ്ഞു. അതിക്രൂരമായ മാനഭംഗത്തിന്റെ കഥ അങ്ങനെ പുറംലോകം അറിഞ്ഞു.
സംഭവം വലിയ വാർത്തയായി മാറിയതോടെ അടുത്ത ദിവസംതന്നെ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി തെരച്ചിൽ നടത്തി അവരെ പിടികൂടി. മുഖ്യപ്രതിയായ ബാജി(20)ക്കു പുറമേ ആർ.
ശ്രീകാന്ത്(23), പി. മഹേശ് (19) എന്നിവരെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ആറു പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്ത പോളിടെക്നിക് വിദ്യാർഥികളായിരുന്നു. ഇവരെ ജുവനൈൽ ഹോമിലേക്കു മാറ്റി.
(തുടരും)…