സ്കൂൾ വിട്ടു വന്ന ഒൻപതു വയസുകാരിയെ ഒരു പാക്കറ്റ് തേയില വാങ്ങുന്നതിനായാണ് ആ അമ്മ വീടിനടുത്തുള്ള കടയിൽ വിട്ടത്. ഇടയ്ക്കിടെ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി മകളെ കടയിൽ വിടുന്ന പതിവുള്ളതാണത്രേ.
എന്നാൽ അന്നു പതിവുകളെല്ലാം തെറ്റി. ആറിനു കടയിൽ പോയ കുട്ടി 7.30 ആയിട്ടും മടങ്ങിയെത്തിയില്ല. വീട്ടുകാർ കുട്ടിയെത്തിരക്കി നാലുപാടും പോയെങ്കിലും ഫലമുണ്ടായില്ല.
ചോദിച്ചവരെല്ലാം ഒരേ മറുപടി പറഞ്ഞു- കുട്ടിയെ കണ്ടില്ല. അന്വേഷിച്ചു തളർന്ന കുടുംബം ഒട്ടും വൈകാതെ പോലീസിൽ വിവരം അറിയിച്ചു. 9.45ഓടെ കുട്ടിയെ കാണാതായെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കുകയും ചെയ്തു.
കാണാതായതിന്റെ രണ്ടാം പക്കം കുട്ടിയുടെ വീട്ടിൽനിന്ന് 200 മീറ്റർ ദൂരെയുള്ള വിലെ പാർളയിലെ ചേരിയിലെ പൊതുശൗചാലയത്തിന്റെ ഡ്രെയ്നേജിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടിയുടെ ശരീരമാകെ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ കുട്ടി ക്രൂരമായ പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നു തെളിഞ്ഞു.
അയൽവാസിയുടെ ക്രൂരത
പൊതുജനങ്ങൾ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയതോടെ പോലീസ് കേസന്വേഷണം ഊർജിതമാക്കി . പലവഴിക്കു നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് എത്തിനിന്നത് അയാളിൽ – വടിവേലു ദേവേന്ദ്ര എന്ന മുപ്പത്തിയഞ്ചുകാരൻ.
കാണാതായ കുട്ടിയുടെ വീട്ടിൽനിന്ന് 200 മീറ്റർ അകലെ താമസിക്കുന്ന ഇയാളെ പിടികൂടിയപ്പോൾ ആ അച്ഛനും അമ്മയ്ക്കും അറിയേണ്ടിയിരുന്നത് ഒന്നു മാത്രം- ഞങ്ങളുടെ മകൾ എന്തു തെറ്റാണ് ചെയ്തത്? പിടിയിലായ വടിവേലു 2013ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിനെത്തുടർന്ന് അഞ്ചു വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ്.
വിശദമായ ചോദ്യം ചെയ്യലിൽ അയാളാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും കൊലപ്പെടുത്തിയതെന്നും സമ്മതിച്ചു. ശൗചാലയത്തിനു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് കൊലയാളി വടിവേലു തന്നെയെന്ന് ഉറപ്പിക്കാൻ പോലീസിനെ സഹായിച്ചത്.
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വടിവേലു പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയാണെന്നും സംശയം അയാളിലേക്കു നീളാതിരിക്കുന്നതിനായി അയാളും കുടുംബത്തിനൊപ്പം തെരച്ചിലിൽ പങ്കെടുത്തിരുന്നുവെന്നും കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
തെരുവിലെ നിലവിളി
മുംബൈ തെരുവുകളുടെ അരക്ഷിതത്വത്തിലും അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമരികിൽ അവൾ സുരക്ഷിതയായി ഉറങ്ങി. ജനിച്ചനാൾ മുതൽ ആ തെരുവും നടപ്പാതയുമായിരുന്നു അവളുടെ വീടും മുറിയും തൊട്ടിലുമെല്ലാം.
പകൽ മുഴുവൻ ട്രാഫിക് സിഗ്നലുകളിലും പാർക്കിലുമെല്ലാം ബലൂണുകളും കളിപ്പാട്ടങ്ങളും വിറ്റു നടക്കും. രാത്രി മുംബൈ വീഥികളിലെ തിരക്കൊഴിഞ്ഞ് നഗരം ശാന്തമാകുന്പോൾ ആ അച്ഛനും അമ്മയും തങ്ങളുടെ മൂന്നു മക്കളേയും ചേർത്തു പിടിച്ചു മാഹിമിലെ നടപ്പാതയുടെ ഒരു ഓരത്ത് ചായും.
തങ്ങളുടെ ചിറകിനടിയിൽ മക്കൾ സുരക്ഷിതരാണെന്നു വിശ്വസിച്ചു മയങ്ങും. എന്നാൽ ആ വിശ്വാസത്തിന് ഒരു നീർക്കുമിളയോളം ആയുസേ ഉണ്ടായിരുന്നുള്ളൂ.
ആ ദിവസം ആദ്യം ഉണർന്നത് അമ്മയാണ്. തങ്ങൾക്കൊപ്പം കിടന്നുറങ്ങിയ ഇളയ മകളെ കാണാനില്ലെന്നു മനസിലാക്കിയ അവർ ഭയന്നു വിറച്ചു. സമീപത്തെല്ലാം തിരഞ്ഞു, എവിടെയും കണ്ടില്ല. കുട്ടിയെ കണ്ടെത്തിത്തരണമെന്ന അപേക്ഷയുമായി അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി.
മനുഷ്യൻ മൃഗമാകുന്പോൾ
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കളിപ്പാട്ടങ്ങളും ബലൂണുമെല്ലാം കൊണ്ടു നടന്നു വിൽക്കുന്ന കുടുംബം ലേഡി ജംഷെഡ്ജി റോഡിലെ കോൺവെന്റ് സ്കൂളിനോടു ചേർന്നുള്ള നടപ്പാതയിലാണ് പതിവായി അന്തിയുറങ്ങുന്നത്.
അവിടെനിന്നാണ് കുട്ടിയെ കാണാതായിരിക്കുന്നതും. അന്വേഷണത്തിനൊടുവിൽ കുടുംബം കിടന്നുറിയ സ്ഥലത്തുനിന്നു നൂറു മീറ്റർ മാറി സ്ഥിതിചെയ്യുന്ന ഗൃഹോപകരണങ്ങൾ വിൽക്കുന്ന കടയ്ക്കു പിന്നിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിച്ചിചീന്തിയ നിലയിലാണ് പോലീസ് ആ കുഞ്ഞുശരീരം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ സംഭവിച്ചതു മൃഗീയമായ പീഡനമാണെന്നു തെളിഞ്ഞു.
പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പോലീസ് നായയെ സ്ഥലത്തെത്തിച്ചു പരിശോധന നടത്തുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ മെഹ്ദി ഹസ്സൻ എന്ന 23കാരൻ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പെരുകുന്ന ആശങ്ക
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ 2019ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കഴിഞ്ഞ പതിനേഴു വർഷം മുൻപുണ്ടായിരുന്നതിനേക്കാൾ രണ്ടിരട്ടി വർധിച്ചിരിക്കുകയാണ്. ഈ രണ്ടു സംഭവങ്ങളിലും ക്രൂരമായി കൊല്ലപ്പെട്ടത് രണ്ടു പിഞ്ചു കുഞ്ഞുങ്ങളാണ്.
ചുണ്ടിൽ നിന്നു പാൽമണം പോലും മായാത്ത മൂന്നുവയസുകാരിയും കുഞ്ഞിക്കൊലുസു കിലുക്കി ഓടി നടന്ന ഒൻപതുവയസുകാരിയും ഈ കൊടുംക്രൂരതകൾക്ക് ഇരയാക്കപ്പെട്ട ആദ്യത്തേയോ അവസാനത്തേയോ ഇരകളല്ല.
എന്നാൽ, ഇനിയും നമ്മുടെ മാലാഖകുഞ്ഞുങ്ങൾ കൊഴിഞ്ഞു വീഴാതിരിക്കാൻ മാതാപിതാക്കളും സമൂഹവും ഒരുപോലെ ഉണർന്നു പ്രവർത്തിക്കണം. ഇത്തരം കണ്ണില്ലാത്ത ക്രൂരതകൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ നിയമം പരിരക്ഷ ഉറപ്പാക്കുകയും വേണം. (അവസാനിച്ചു).