കേരളത്തില്‍ ലഭിക്കുന്നത് കൂടുതല്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ! പെട്രോള്‍ ടാങ്കില്‍ ജലാംശമുണ്ടെങ്കില്‍ പണിപാളും …

പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മുമ്പും നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധനനയത്തിന്റെ ഭാഗമായി കേരളത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ ലഭിക്കുന്ന പെട്രോളില്‍ 10 ശതമാനമാണ് എഥനോള്‍.

വാഹന ടാങ്കില്‍ വെള്ളത്തിന്റെ ചെറിയൊരംശമുണ്ടായാല്‍ പോലും അത് എഥനോളുമായി കലരുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് അത് ബുദ്ധിമുട്ടാവാനുള്ള സാധ്യത വളരെക്കൂടുതലാണ്. എഥനോള്‍ വെള്ളവുമായി കലര്‍ന്നാല്‍ വാഹനങ്ങള്‍ സ്റ്റാര്‍ട് ചെയ്യാന്‍ ബുദ്ധിമുട്ടു നേരിടും.

ബയോ ഇന്ധനമായ എഥനോള്‍ പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പന്നമാണ്. വെള്ളത്തില്‍ ലയിക്കുന്ന ഇത് പ്രകൃതിക്കു കാര്യമായ ദോഷം ഉണ്ടാക്കാത്തതുമാണ്. സാധാരണ പെട്രോളില്‍ ജലാംശം ഉണ്ടെങ്കില്‍ പ്രത്യേക പാളിയായി താഴെ അടിയും.

എന്നാല്‍ എഥനോള്‍ പെട്രോളില്‍ വെള്ളം കൂടുതല്‍ കലരും. ഇതാണ് വാഹനങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. വെള്ളത്തിന്റെ അംശം വാഹനത്തിന്റെ ഇന്ധനടാങ്കില്‍ ഉണ്ടാകരുത്. വാഹനം കഴുകുമ്പോഴും മഴയത്തും ഇന്ധന ടാങ്കിലേക്ക് ഒട്ടും വെള്ളം ഇറങ്ങുന്നില്ലെന്ന് വാഹനഉടമകള്‍ ഉറപ്പു വരുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ടാങ്കിന്റെ ഏറ്റവും താഴെ വെള്ളത്തിന്റെ നേരിയ അംശം ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഇന്ധനം പൂര്‍ണമായും തീരുന്നതിനു മുന്‍പുതന്നെ വീണ്ടും നിറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ എഥനോള്‍ അടങ്ങിയ പെട്രോള്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു.

കേരളത്തിലും മുമ്പും ഇതു നല്‍കിയിട്ടുണ്ടെങ്കിലും പിന്നീട് ഇത് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇത്തവണ എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ പമ്പുകളിലെത്തി, ടാങ്കിനടിയില്‍ വെള്ളമുണ്ടോ എന്നു പരിശോധന നടത്തി.

വെള്ളം കണ്ടെത്തിയ ടാങ്കുകളിലെ ജാംശം നീക്കം ചെയ്തു. ദിവസവും അഞ്ചു തവണ വരെ പമ്പ് ഉടമകള്‍ പെട്രോളില്‍ വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലാംശം പരിശോധിക്കാന്‍ പ്രത്യേക സംവിധാനവും പമ്പുകള്‍ക്കു നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment