യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസും ഹോസ്റ്റലും വര്‍ഷങ്ങളായി അടക്കിവാണ എസ്എഫ്‌ഐ നേതാവ് ”ഏട്ടപ്പന്‍” എന്ന എസ്. മഹേഷി(32)നെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല പോലീസ് സാഹസികമായി പിടികൂടി. തിരുവല്ല, ഇരവിപേരൂര്‍ ഓതറയ്ക്കടുത്ത് കോഴിമലയില്‍ മണല്‍ മാഫിയാത്തലവന്റെ വീട്ടില്‍ ഒളിവില്‍കഴിഞ്ഞ ഇയാളെ എസ്.ഐ: ആര്‍.എസ്. രഞ്ജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സ്ഥലത്ത് റെയ്ഡിനെത്തിയപ്പോഴാണ് ഏട്ടപ്പന്‍ കുടുങ്ങിയത്. മണല്‍ മാഫിയയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു മഹേഷ് പിടിയിലായത്. താന്‍ നിരപരാധിയാണെന്നും പോലീസിനെക്കണ്ട് പേടിച്ചോടിയതാണെന്നുമാണ് മഹേഷ് ആദ്യം പറഞ്ഞത്. സ്വദേശം എവിടെയാണെന്ന ചോദ്യമാണ് ഇയാളെ കുടുക്കിയത്.
കൊല്ലം ജില്ലയിലെ പടപ്പക്കര എന്നായിരുന്നു ഉത്തരം. എന്നാല്‍, കൊല്ലം ജില്ലക്കാരനായ എസ്.ഐയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മഹേഷിനായില്ല. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരിയുടെ പ്രത്യേകസംഘം മാസങ്ങളായി അന്വേഷിക്കുന്ന ‘കൊടുംഭീകരന്‍’ ഏട്ടപ്പന്‍ മഹേഷാണു പിടിയിലായതെന്നു പോലീസിനു മനസിലായത്.
ഇയാളെ ഒളിവില്‍ താമസിപ്പിച്ച മണല്‍മാഫിയ തലവനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. 10 ദിവസമായി ഏട്ടപ്പന്‍ ഇവിടെ സസുഖം വാഴുകയായിരുന്നു. യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു. നേതാവ് നിഥിന്‍രാജിനെ ആക്രമിക്കുകയും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്ത കേസില്‍ മഹേഷിനെ പോലീസ് തെരഞ്ഞുവരുകയായിരുന്നു. വര്‍ഷങ്ങളായി കോളജ് ഹോസ്റ്റലില്‍ അനധികൃതമായി താമസിച്ച് കാമ്പസിനെ നിയന്ത്രിച്ചിരുന്ന മഹേഷ് വിദ്യാര്‍ഥികള്‍ക്കു പേടിസ്വപ്നമായിരുന്നു.
എസ്.എഫ്.ഐ. നേതാവായ മഹേഷ് 2010-11ല്‍ യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. ഇപ്പോഴും ഗവേഷണവിദ്യാര്‍ഥിയായ ഇയാള്‍ ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. വാര്‍ഡനെ നോക്കുകുത്തിയാക്കി ചില എസ്.എഫ്.ഐ. നേതാക്കളാണു ഹോസ്റ്റല്‍ ഭരിക്കുന്നതെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. കെ.എസ്.യു. നേതാവ് നിഥിന്‍രാജിനെ മഹേഷ് ഭീഷണിപ്പെടുത്തുന്നതടക്കമുളള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പോലീസിന് ഇയാളെ പിടികൂടാനായിരുന്നില്ല. ഭരണകക്ഷിയിലെ പല നേതാക്കളുടെയും വിശ്വസ്തനാണ് ഇയാള്‍.