റാന്നി: ഇട്ടിയപ്പാറയിലെ തകർന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ ഉയര്‍ന്ന് നിൽക്കുന്ന ഇരുമ്പുകമ്പികൾ അപകടം വിതയ്ക്കുന്നു. കോൺക്രീറ്റ് തകർന്നതിനേത്തുടർന്ന് തെളിഞ്ഞു നിൽക്കുന്ന കമ്പികളാണ് വാഹനങ്ങളുടെ ടയറുകൾക്കും യാത്രക്കാർക്കും വിനയാകുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിലേക്കും കയറി പ്പോകുന്ന വഴി കൂടിയാണിത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും നൂറിൽപരം ബസുകളും ഇതുവഴി കടന്നു പോകുന്നു.
കൂടാതെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നിരവധി സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ബസ് സ്റ്റാൻഡ് ശരിയാക്കാൻ നടപടി ആരംഭിച്ചിട്ടില്ലെന്നാണ് പരാതി. ഇപ്പോൾ മഴ മാറി നിൽക്കുന്ന സമയമായതിനാൽ പണികൾക്കു സാഹചര്യമുണ്ടായിട്ടും നടപടികൾ തുടങ്ങിയിട്ടില്ല.
കമ്പിയിൽ തട്ടി നിരവധി യാത്രക്കാർക്ക് മുമ്പ് പരിക്കേറ്റിട്ടുണ്ട്. അടിയന്തരമായി സ്റ്റാൻഡിലെ അപകടാവസ്ഥ മാറ്റണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ ഇപ്പോൾ മൂന്ന് ഭാഗങ്ങളിലായി കമ്പി തെളിഞ്ഞു നിൽക്കുന്നു.