ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ വീണ്ടും ഗതാഗത കുരുക്ക് പതിവാകുന്നു. ഞായറാഴ്ച്ച ഏറ്റുമാനൂരിൽ ഏഴ് മണിക്കൂർ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പുതുക്കിയ ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിയതാണ് നഗരത്തിൽ ഗതാഗത കുരുക്കേറാൻ കാരണമായത്. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ മിക്ക ദിവസങ്ങളിലും പകൽ പതിനൊന്നു മണിയോടെ ആരംഭിക്കുന്ന ഗതാഗത കുരുക്ക് രാത്രി എട്ടുമണിവരെ തുടരാറുണ്ട്.
അതോടെ യാത്രക്കാർക്ക് ഏറ്റുമാനൂർ കടന്നു കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. റോഡിലെ അനധികൃത പാർക്കിംഗും ഗതാഗത കുരുക്കിനു കാരണമാകുന്നു. തവളക്കുഴി ജംഗ്ഷനിലെ സ്വകാര്യ ഓണ്ലൈൻ എൻട്രൻസ് സെന്ററിൽ എത്തിയ സ്വകാര്യ വാഹനങ്ങൾ എംസി റോഡിൽ പാർക്ക് ചെയ്തതും ഞായറഴ്ച്ച ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമായിരുന്നു. ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥല പരിമിതി മൂലമാണ് പൊതുജനങ്ങൾ ഇഷ്ടാനുസരണം റോഡിൽ പാർക്ക് ചെയുന്നത്.
അതിരന്പുഴ റോഡിൽ സ്വകാര്യ ബാർ ഹോട്ടലിനു മുൻപിൽ ബസുകൾ നിർത്തരുത് എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. ഒപ്പം നഗരത്തിലെ ഓഡിറ്റോറിയങ്ങളിൽ കല്യാണ ആവശ്യത്തിനായി എത്തിയ ബസുകൾ എംസി റോഡിന്റെ വശങ്ങളിൽ പാർക്കു ചെയ്തതും ഗതാഗതക്കുരുക്കിലേക്കു നയിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ മൈതാനവും, കോവിൽപ്പാടം റോഡും ശബരിമല തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിട്ടു നൽകിയിരിക്കുകയാണ്.
ഇതിനുപുറമെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബദൽ മാർഗങ്ങൾ അടയുകയും ചെയ്തതോടെയാണ് നഗരത്തിൽ ഗതഗത കുരുക്ക് മുറുകിയത്. ട്രാഫിക് ബ്ലോക്ക് ഉണ്ടായാൽ വഴി തിരിച്ചുവിടാൻ ഏറ്റുമാനൂർ ടൗണിൽ മറ്റു റോഡുകൾ ഇല്ലാത്തതും റോഡിന്ആവശ്യമായ വീതി ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.