ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിലെ കുരുക്കഴിക്കാനും കെ.കെ റോഡിനെയും ഏറ്റുമാനൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതുമായ പട്ടിത്താനം-ഏറ്റുമാനൂർ-മണർകാട് ബൈപാസ് ഉടൻ. ഇതോടെ ഏറ്റുമാനൂരിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഗതാഗത തിരക്ക് ഒഴിവാകും.
നിലവിൽ ഏറ്റുമാനൂരിൽ പാലാ റോഡിൽ പാറക്കണ്ടം ഭാഗത്തായി എത്തി നിൽക്കുന്ന ബൈപാസ് നിർമാണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇവിടെ റോഡിന് ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായിരുന്നു. ഇപ്പോൾ റോഡിലെ ടാറിംഗ് ജോലിക്കൾക്കായുള്ള മെറ്റലുകൾ നിരത്തുന്ന ജോലികളാണ് നടക്കുന്നത്.
ബൈപാസ് നിർമാണത്തിലെ രണ്ടാം ഘട്ടമായ ചെറുവാണ്ടൂർ-പൂവത്തുംമൂട് ഭാഗത്തെ ടാറിംഗ് ജോലികൾ ഏതാണ്ട് പൂർണമായി. മൂന്നാം ഘട്ട നിർമാണ ടാറിംഗ് ജോലികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പതിനഞ്ച് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്.
മൂന്നാം ഘട്ടത്തിലെ പാറക്കണ്ടം മുതൽ പട്ടിത്താനം റൗണ്ടാന വരെയുള്ള റോഡ് നിർമാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. നിർമാണം പൂർത്തിയാകുന്നതോടെ ഏറ്റുമാനൂർ ടൗണിൽ കയറാതെ മണർകാട് വരെ എത്താം. അവിടെ നിന്ന് കെകെ റോഡിൽ പ്രവേശിച്ച് എവിടേക്കും പോകാം.
ഇതോടെ ചരക്ക് നീക്കം ഉൾപ്പടെയുള്ള ഗതാഗത സൗകര്യം പതിൻമടങ്ങായി വർധിക്കും. പുതിയ ബജറ്റിൽ ബൈപാസിനായി പാറക്കണ്ടം ജംഗ്ഷനിൽ പട്ടിത്താനം റോഡിലേക്ക് മേൽപ്പാലം കിട്ടിയത് പദ്ധതിക്ക് കൂടുതൽ ഗുണം ചെയ്യും. അതോടൊപ്പം തന്നെ മൂന്നാം റീച്ചിലേക്കുള്ള നിർമാണത്തിനുള്ള തുക ലഭിച്ചതും പദ്ധതിക്ക് കുടുതൽ വേഗത നൽകും.