ഏറ്റുമാനൂർ: സ്ഥലംവിട്ടു കിട്ടാത്തതിനെ തുടർന്ന് നിർമാണം പൂർത്തിയാകാത്ത ഏറ്റുമാനൂർ-മണർകാട് ബൈപാസിൽ നിറയെ അപകടക്കെണികൾ. പേരൂർ ചാലയ്ക്കൽ ക്ഷേത്രത്തിനു മുന്പിലാണ് തർക്കത്തെ തുടർന്ന് പത്തു മീറ്ററോളം ദൂരത്തിൽ റോഡ് നിർമാണം നടത്താതെ ഒഴിവാക്കിയത്.
കേസ് കോടതിയിൽ എത്തിയതോടെ നിർമാണം പൂർത്തിയാകാതെ തർക്കം വന്ന ഭാഗം ഓഴിവാക്കിയിരുന്നു. എന്നാൽ റോഡ് നിർമാണത്തിനായി പഴയ റോഡ് പൊളിച്ച് മാറ്റുകയും മെറ്റലുകൾ നിരത്തുകയും ചെയ്തെങ്കിലും ടാർ ചെയ്യാനാകാതെ വന്നതോടെയാണ് നാട്ടുകാർക്ക് ബുദ്ധിമുട്ടേറിയത്. ടാർ ചെയ്യാനാകാതെ വന്നതോടെ പ്രദേശത്ത് വലിയ പൊടി ശല്യമാണ് ഉണ്ടായിരിക്കുന്നത്.
റോഡിനു നടുവിൽ വലിയ കുഴി രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾക്കും അപകടക്കെണിയായി മാറി. അപ്രതീക്ഷിതമായി കുഴിയിൽ ചാടുന്നതോടെ വാഹനങ്ങൾ തെന്നി വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. രൂക്ഷമായ പൊടി ശല്യവും വലിയ വാഹനങ്ങൾ സഞ്ചരിക്കുന്പോൾ പുറകെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണിൽ പൊടി വീഴുന്നതും പതിവാണ്.
നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളം തളിച്ചാലും വേനൽക്കാലമായതിനാൽ വളരെ വേഗത്തിൽ തന്നെ ഉണങ്ങും. ഇത് പൊടി വീണ്ടും വർധിക്കാൻ ഇടയാക്കുകയാണ്. കേസ് തീരുന്നതു വരെയെങ്കിലും പൊടി ശല്യം മാറുന്നതിനായി അടിയന്തരമായി അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.