ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയതു കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പോലീസ്. കട്ടച്ചിറ കടവിൽ പി.ആർ.രാജന്റെ ഭാര്യ ഉഷാരാജനാ (50) ണ് കൊല്ലപ്പെട്ടത്. സാന്പത്തിക ഇടപാടിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിൽ പാദുവ സ്വദേശി പ്രഭാകരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇസിജിയിലുണ്ടായ വ്യതിയാനം മൂലം കഴിഞ്ഞ രണ്ടു ദിവസമായി പ്രഭാകരൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇയാളെ ഇന്നലെ വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. അതിനുശേഷം പ്രഭാകരനെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള ടോമി ജോസഫിന്റെ വീട് വൃത്തിയാക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട ഉഷ.
ചൊവ്വാഴ്ച രാവിലെയാണ് ഉഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ടോമി ജോസഫിന്റെ തറവാട് വീട്ടിൽ വർഷങ്ങളായി ജോലിചെയ്യുന്നയാളാണു പ്രഭാകരൻ. ടോമി ജോസഫ് കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയിലാണ്.
വീട് വൃത്തിയാക്കേണ്ട സമയങ്ങളിൽ ടോമിയുടെ സഹോദരങ്ങൾ പ്രഭാകരനോട് പറയുകയാണ് പതിവ്. ഇതിനായി പ്രഭാകരൻ കഴിഞ്ഞ മൂന്നു വർഷമായി വിളിച്ചിരുന്നത് ഉഷയെയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ ടോമിയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഇവർ പറഞ്ഞു.
അങ്ങനെയെങ്കിൽ പ്രഭാകരൻ കരുതിക്കൂട്ടി ഉഷയെ വീട് വൃത്തിയാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രഭാകരനു കടമായി നല്കിയ 35,000 രൂപ തിരികെ കിട്ടാത്തതിന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിട്ടുണ്ട്.
പ്രഭാകരനെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.കൊല്ലപ്പെട്ട ഉഷയും പ്രഭാകരനും തമ്മിലുള്ള സാന്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കൊല്ലപ്പെട്ട ഉഷയും കുടുംബവും മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് സാന്പത്തിക ഞെരുക്കത്തിലായിരുന്നു.
സ്വന്തമായി വീട് ഇല്ലാതിരുന്ന ഇവർ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകളുടെ വിവാഹത്തിനുശേഷമെങ്കിലും ആകെയുള്ള ചതുപ്പ് നിലം നികത്തി വീട് വയ്ക്കണമെന്ന ആഗ്രഹം പലപ്പോഴായി ഉഷ സമീപവാസികളുമായി പങ്കുവച്ചിരുന്നു.