കോട്ടയം: ഏറ്റുമാനൂരിൽ അമ്മയേയും മക്കളേയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പോലീസ് നിഗമനം.
ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പോലീസ് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മക്കളെയും കൂട്ടി ഷൈനി വീട്ടിൽ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫെബ്രുവരി 28 ന് പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. മരിക്കുന്നതിന്റെ തലേന്ന് കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതും ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്.