ഏറ്റുമാനൂർ: ടൗണ് പ്രദേശങ്ങളിലും മത്സ്യ മാർക്കറ്റിനുസമീപവും തെരുവ് നായ്ക്കൾ വിദ്യാർഥികളെയും യാത്രക്കാരെയും ആക്രമിക്കുന്നതു പതിവാകുന്നു. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും സ്കൂൾ വിദ്യാർഥികളും സഞ്ചരിക്കുന്ന ഏറ്റുമാനൂർ ചിറക്കുളം, മത്സ്യമാർക്കറ്റ്, കെഎസ്ആർടിസി സ്റ്റാൻഡ്, ഓൾഡ് എംസി റോഡ് എന്നീ പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത്.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവു നായ്ക്കൾ അലഞ്ഞു തിരിഞ്ഞ് നടന്ന് വഴിയാത്രക്കാരെയും വിദ്യാർഥികൾക്ക് നേരെയും കുരച്ച് ചാടുന്നതു പതിവായിരിക്കുന്നു. ഇതോടെ വഴിയാത്രക്കാരും നാട്ടുകാരും ദുരിതത്തിലായിരിക്കുകയാണ്. ഇന്നലെയും സ്കൂൾവിദ്യാർഥികൾക്കുനേരേ ആക്രമണം ഉണ്ടായി. എസ് എഫ്എസ് സ്കൂൾ വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കുട്ടികൾക്കുനേരേ തെരുവുനായ് ക്കൾ കൂട്ടത്തോടെ എത്തുകയായിരുന്നു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികൾ പലരും നിലത്തുവീണു. ഇതിനിടെ രംഗം കണ്ട ഓട്ടോ ഡ്രൈവർ കുട്ടികളുടെയും നായ്ക്കളുടെയും ഇടയിലേക്ക് ഓട്ടോ ഓടിച്ചു കയറ്റി. സമീപത്തുണ്ടായിരുന്നവരും ഓടിയെത്തിയതോടെയാണ് നായ്ക്കൾ പിന്തിരിഞ്ഞത്. നായ്ക്കൾ പരസ്പരം കടിപിടികൂടി യാത്രക്കാരെ ഉപദ്രവിക്കുന്നതും പതിവാണ്.
ഇതിനാൽ സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കമുള്ള ജനങ്ങൾ ഭയപ്പാടോടുകൂടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൂട്ടംകൂടി നടക്കുന്ന തെരുവുനായ്ക്കൾ ബൈക്ക് യാത്രികർക്കുനേരെയും ആക്രമണം നടത്തുന്നു. രാവിലെ നടക്കാൻ ഇറങ്ങുന്നവർ, വ്യാപാരികൾ, പത്രവിതരണക്കാർ, വിദ്യാർഥികൾ എന്നിവരെല്ലാം ഇവയുടെ ആക്രമണത്തിന് ഇരയാകുന്നു. തെരുവുനായ്ക്കൾ റോഡിനു കുറുകെ നടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നതും പതിവാണ്.
നഗരസഭ ആസ്ഥാനത്തു തന്നെ തെരുവ് നായ്ക്കൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജനപ്രതിനിധികൾക്കും നഗരസഭാ ഉദ്യോഗസ്ഥർക്കുമെതിരേ പ്രത്യക്ഷ സമര പരിപാടികൾക്ക് തയാറാകുമെന്ന് വ്യാപാരികളും പരിസരവാസികളും പറഞ്ഞു. ഉടൻതന്നെ ഇതിനു പരിഹാരം കാണണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.