ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ നിർദിഷ്ട ഫ്ളൈഓവർ നിർമാണം യാഥാർഥ്യമായാൽ വീട് ഉൾപ്പെടെ നൂറോളം കടകൾക്ക നാശനഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നു. കോടികൾ മുടക്കി ഭംഗിയാക്കിയ റോഡിന്റെ ഇരു വശവും കുത്തിപ്പൊളിക്കണം. നിലവിലുള്ള റോഡിന്റെ മധ്യത്തിൽ തൂണ് സ്ഥാപിച്ച് അതിലാണ് ഫ്ളൈ ഓവർ നിർമിക്കുക. റോഡിന്റെ നടുക്ക് തൂണ് നിർമിക്കുന്പോൾ നിലവിള്ള റോഡിന്റെ വീതി കുറയും.
തൂണിന് ഇരുവശവും വാഹനങ്ങൾ സഞ്ചരിക്കാനുള്ള റോഡ് നിർമിക്കണമെങ്കിൽ ഇരുവശത്തെയും കടകളും വീടുകളും വീണ്ടും അരിയണം. റോഡ് നവീകരണത്തിന് കടയും വീടുകളും അരിഞ്ഞതാണ്. സ്ഥലം ഏറ്റെടുത്തതാണ്. വീണ്ടും ഒരാവർത്തികൂടി അരിയുന്പോൾ. അത് ഓർക്കാൻ കൂടി വയ്യ എന്നാണ് പല കടക്കാരും പറയുന്നത്.
കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന് പാർക്കിംഗ് സ്ഥലം വിട്ടുകൊടുത്ത കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ടോംസ് ടെക്സ്റ്റൈൽസിന്റെ പുതിയ കെട്ടിടത്തിന്റെ പകുതി ഭാഗം ഫ്ളൈ ഓവർ നിർമാണത്തിൽ വെട്ടിയരിയേണ്ടി വരും. ഒരു കോടിയിലധികം മുടക്കിയാണ് കട നവീകരിച്ചത്. കഴിഞ്ഞ 20ന് സ്ഥലം എംഎൽഎ ഉദ്ഘാടനം നടത്തി.
ഇപ്പോൾ കേൾക്കുന്നു ഫ്ളൈ ഓവറിനു വേണ്ടി വീണ്ടും കെട്ടിടം പൊളിക്കുമെന്ന് ഇനി എന്തു ചെയ്യുമെന്ന് ടോംസ് ടെക്സ്റ്റൈൽസ് ഉടമ അതിരന്പുഴ മുണ്ടയ്ക്കൽ ബേബി സെബാസ്റ്റ്യൻ ചോദിക്കുന്നു. റോഡ് നവീകരണവും നോട്ട് നിരോധനവും ഏറ്റുമാനൂരിലെ കടക്കാർക്ക് ഇടിത്തീയായി മാറിയിരുന്നു. ഇതിൽ നിന്നെല്ലാം കരകയറി പച്ചപിടിച്ചു വരുന്ന സമയമാണിത്. ചിലർ ബാങ്ക് വായ്പയെടുത്ത് കട മോടിയാക്കി. അവരൊക്കെ ഇനി എന്തു ചെയ്യുമെന്ന വിഷമത്തിലാണ്.
2016-17 വർഷം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഏറ്റുമാനൂർ ഫ്ളൈ ഓവറിന് 30 ലക്ഷം രൂപ വകയിരുത്തി. അതേ വർഷം തന്നെയാണ് കെഎസ്ടിപി എം.സി റോഡ് നവീകരണം ആരംഭിച്ചത്. മൂവാറ്റുപുഴ-പട്ടിത്താനം, പട്ടിത്താനം-ചെങ്ങന്നൂർ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് റോഡ് നവീകരണം നടത്തിയത്.
ഫ്ളൈഓവറിന് പണം അനുവദിച്ച അതേ സമയത്ത് റോഡ് നവീകരണവും ആരംഭിച്ചു. എങ്കിൽ പിന്നെ റോഡ് നവീകരണം വൈകിപ്പിച്ച് ഫ്ളൈ ഓവർ പണി തുടങ്ങിക്കഴിഞ്ഞ് റോഡ് നവീകരണം പൂർത്തിയാക്കിയിരുന്നുവെങ്കിൽ ഒറ്റയടിക്ക് രണ്ടു ജോലികളും ചെയ്യാമായിരുന്നു. ഇതിപ്പോൾ ടാർ ചെയ്ത ശേഷം കുത്തിപ്പൊളിച്ച് പൈപ്പിടുന്ന അവസ്ഥയാണ്.
കഴിഞ്ഞ ശബരിമല സീസണോടനുബന്ധിച്ച് ഏറ്റുമാനൂരിൽ ഉപയോഗിക്കാതെ കിടന്നിരുന്ന റോഡുകളിലൂടെ യും പഴയ എംസി റോഡിലൂടെയും ടെന്പിൾ റോഡിലൂടെയും ഗതാഗതം വഴി തിരിച്ച് വിട്ടിരുന്നു. അതോടെ ഗതാഗത കുരുക്കിന് കാര്യമായി രീതിയിൽ മാറ്റം വന്നു. ഇത്തരത്തിലുള്ള പരിഷ്കാരം ഏർപ്പെടുത്തിയാൽ കുരുക്കഴിക്കാം.