ഏറ്റുമാനൂർ: അരങ്ങുവാഴുന്ന ഗുണ്ടാസംഘങ്ങളാൽ നാടു പൊറുതിമുട്ടുന്നു. മയക്കുമരുന്നിന്റെ ലഹരിയിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരുപറ്റം യുവാക്കൾ.
ഇന്നലെ പോലീസിന്റെ പിടിയിലായ കാണക്കാരി വലിയതടത്തിൽ മെൽവിൻ ജോസഫ് (25) കെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരൻ പുന്നത്തുറ വെസ്റ്റ് കൊറ്റോട് കെ.എസ്. സുരേഷിനെ അടിച്ചുവീഴ്ത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണ്.
മൂന്നു മാസം മുന്പ് നടന്ന സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.ഗുണ്ടകൾ മീൻ കടയുടെ തട്ടിൽ അടിച്ച ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയതിൽ പ്രകോപിതനായാണ് ഇയാൾ സുരേഷിനെ അടിച്ചുവീഴ്ത്തിയത്.
സുരേഷിന്റെ പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ സുരേഷ് രണ്ടു മാസത്തിലേറെ ചികിത്സയിലായിരുന്നു.
മെൽവിന്റെ സഹോദരനും ഗുണ്ടാസംഘത്തിലെ അംഗമാണ്. ഇയാളെ കാപ്പ ചുമത്തി ജില്ലയ്ക്കു വെളിയിലേക്കു നാടുകടത്തിയിരുന്നു.
ഇവരുടെ സംഘത്തലവൻ കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
രണ്ടോ മൂന്നോ ഗുണ്ടാസംഘ നേതാക്കളെ നാടുകടത്തുകയോ കരുതൽ തടങ്കലിൽ വയ്ക്കുകയോ ചെയ്താൽ പൊളിയുന്നതല്ല ഇവരുടെ നെറ്റ് വർക്ക്. നാൾക്കുനാൾ ഇവരുടെ ശൃംഖല വ്യാപിക്കുകയാണ്.
പോലീസിനെയും എക്സൈസിനെയും പരസ്യമായി വെല്ലുവിളിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടാ സംഘം നാടിനു ഭീഷണിയായിരിക്കുകയാണ്.