ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ കെഎസ് ആർടിസി സ്റ്റേഷൻ മാസ്റ്ററെ സ്ഥലംമാറ്റി. പകരം ആളെ നിയമിക്കാത്തതിനാൽ ഓഫീസ് പൂട്ടി. സ്റ്റേഷൻ മാസ്റ്റർ പോയതോടെ സ്റ്റാൻഡിലെ ടോയ്ലറ്റും പൂട്ടി. ഇതോടെ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിലായി. രണ്ടാഴ്ച മുന്പ് സ്റ്റേഷൻ മാസ്റ്ററെ സ്ഥലം മാറ്റിയതോടെയാണ് സ്റ്റേഷനിലെ പ്രവർത്തനം താറുമാറായത്.
നാല് മാസത്തിനിടയിൽ രണ്ടാം തവണയാണ് സ്റ്റേഷൻ മാസ്റ്ററുടെ അഭാവം മൂലം ബസ്സ്റ്റാൻഡ് പൂട്ടുന്നത്. സ്റ്റേഷനിലെ മറ്റ് പ്രവർത്തനങ്ങളും താളം തെറ്റിയതോടെ യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ദിവസവും സംസ്ഥാനത്തെ പല ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 1200 ഓളം ബസുകളാണ് ഏറ്റുമാനൂർ കെഎസ് ആർടിസി സ്റ്റാൻഡിൽ കയറി ഇറങ്ങുന്നത്.
ജല വിതരണം തടസമായതോടെ ടോയ്ലറ്റ് മുൻപ് പൂട്ടിപ്പോയിരുന്നു. അതേ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം മൂലം വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പൂട്ടുകയും ചെയ്തു. ഓപ്പറേറ്റിംഗ് സ്റ്റേഷനായി ഏറ്റുമാനൂർ സ്റ്റേഷൻ ഉയർത്തണം എന്ന ലക്ഷ്യത്തോടെയാണ് 55 ലക്ഷത്തോളം രൂപ മുടക്കി പുനർ നിർമിച്ചത്. എന്നിട്ടും സ്റ്റേഷൻ മാസ്റ്ററെ നിലനിർത്താൻ കഴിഞ്ഞില്ല.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവം നാളെ ആരംഭിക്കാനിരിക്കേ സ്റ്റേഷൻ പൂട്ടിപോയത് ഏറ്റുമാനൂരിൽ എത്തുന്ന ഭക്ത ജനങ്ങൾക്ക് കൂടുതൽ ദുരിതം സമ്മാനിക്കുമെന്ന് ഉറപ്പാണ്. സ്റ്റേഷൻ മാസ്റ്ററെ ഉടൻ തന്നെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് എൻസിപി നിർവാഹക സമതി അംഗങ്ങളും സുരേഷ് കുറുപ്പ് എംഎൽഎയും ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും, ഡിറ്റിഒയ്ക്കും നിവേദനം നൽകി.