ഏറ്റുമാനൂർ: കംഫർട്ട് സ്റ്റേഷനെ ചൊല്ലി തർക്കം. തകരാർ പരിഹരിക്കുന്നത് ആരെന്നതാണ് തർക്കം. ഒടുവിൽ ആരും നന്നാക്കില്ല എന്നായപ്പോൾ ഇരുകൂട്ടരും താഴിട്ടു പൂട്ടി. ഇതോടെ യാത്രക്കാരുടെ ശങ്ക മാറ്റാൻ വഴിയില്ലാത്ത അവസ്ഥ.
ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലാണ് കംഫർട്ട് സ്റ്റേഷൻ ഇരട്ട താഴിട്ട് പൂട്ടിയിട്ടിരിക്കുന്നത്.
പുതുതായി നിർമിച്ച ഏറ്റുമാനൂർ സ്റ്റാൻഡിനുള്ളിൽ തന്നെയാണ് കംഫർട്ട് സ്റ്റേഷനും പണിതിരുന്നത്. എന്നാൽ അതിന്റെ നടത്തിപ്പിനായി സ്വകാര്യ കരാറുകാരനെയാണ് എൽപ്പിച്ചിരുന്നത്. കുറേ നാളുകൾക്ക് മുൻപ് കംഫർട്ട് സ്റ്റേഷനിലേക്കുള്ള പൈപ്പ് കണക്ഷനിൽ തകരാർ സംഭവിക്കുകയും കംഫർട്ട് സ്റ്റേഷൻ പ്രവർത്തന രഹിതമാവുകയും ചെയ്തിരുന്നു.
ഇതോടെ പൂർണമായും ഉപയോഗ ശൂന്യമായ കംഫർട്ട് സ്റ്റേഷനിലെ സൗകര്യങ്ങൾ നശിച്ച് പോവുകയും ചെയ്തു. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ ആര് നന്നാക്കും എന്ന കാര്യത്തിൽ കരാറുകാരും കെഎസ്ആർടിസിയും തമ്മിൽ തർക്കമായി.
കെഎസ്ആർടിസി നന്നാക്കില്ല എന്ന് വാശിപിടിച്ചതോടെ കരാറുകാരൻ കംഫർട്ട് സ്റ്റേഷൻ താഴിട്ട് പൂട്ടി. ഇതോടെ ഇനി വകുപ്പിന്റെ അനുവാദമില്ലാതെ കരാറുകാരൻ തുറക്കരുത് എന്ന് വാശിയിലായ കെഎസ്ആർടിസിയും അവിടെ തന്നെ മറ്റൊരു താഴിട്ട് പൂട്ടുകയായിരുന്നു.
ദിവസവും നൂറ്കണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ പൂട്ടിയതോടെ അക്ഷരാർത്ഥത്തിൽ പെട്ടിരിക്കുകയാണ് ഇവിടെ വന്നിറങ്ങുന്ന യാത്രക്കാർ.