
ഏറ്റുമാനൂർ: അർധരാത്രിയിൽ ലോഡ്ജിൽ കയറി രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു പിന്നിൽ മുൻ വൈരാഗ്യമാണെന്ന് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് നിർമാണത്തിലിരിക്കുന്ന ലോഡ്ജ് മുറിയിൽ കയറിയ നാലംഗ സംഘം ഉടമയുടെ സഹോദരനെയും തൊഴിലാളിയേയും വെട്ടി പരിക്കേൽപ്പിച്ചത്.
അക്രമത്തിൽ പുന്നത്തുറ മാടപ്പാട് വേലിത്താനത്ത് കുന്നേൽ ജോജോ (40), തൃശൂർ സ്വദേശി സുനിൽ കുമാർ എന്നിവർക്കാണ് വേട്ടേറ്റത്. ജോജോയുടെ സഹോദരൻ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ളതാണ് നിർമാണം നടക്കുന്ന ലോഡ്ജ്.
വിഷ്ണുവിന്റെ പക്കൽ നിന്നും പണം തട്ടി എടുക്കുന്നതിനായി വിവരാവകാശ പ്രവർത്തകരെന്ന പേരിൽ ഒരു സംഘം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിൽ കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ടു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ഇതിന്റെ പകയാകാം അക്രമത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. രാത്രിയിൽ ഗുണ്ടാസംഘം ലോഡ്ജിലെത്തി. ഷട്ടറിൽ തട്ടി വിളിക്കുകയായിരുന്നു.
ഉറക്കത്തിലായിരുന്ന ഇവർ എഴുന്നേറ്റ് വന്നു തുറന്നു നോക്കിയപ്പോൾ നാലുപേരടങ്ങുന്ന സംഘത്തിലെ ഒരാൾ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന വടിവാൾ ഉപയോഗിച്ച് ജോജോയുടെ കഴുത്തിലും ഇരുതോളിലും വെട്ടുകയായിരുന്നു.
ജോജോയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവാണുണ്ടായത്. സുനിൽ കുമാറിന്റെ ഒരു ചുമലിലും വെട്ടേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റുമാനൂർ ആറാട്ടായിരുന്നതിനാലാണ് ജോജോ തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നത്. സമീപത്തെ കെട്ടിടത്തിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.