ഏറ്റുമാനൂർ: ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിലെ പച്ചക്കറി മാർക്കറ്റിൽ ഒരേ സമയം 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്കെന്ന് സൂചന. ഇന്നലെ രോഗം സ്ഥിരീകരിച്ച 45 പേരും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരുമായി സന്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളതായാണ് സൂചന.
ഈ സാഹചര്യത്തിൽ ഏറ്റുമാനൂരിലും സമീപ പ്രദേശങ്ങളും വലിയ തോതിലുള്ള കോവിഡ് രോഗ വ്യാപനം ഉണ്ടായേക്കും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സന്പർക്ക പട്ടിക ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ചുവരികയാണ്.
ഒരേ സമയം 45 പേരുടെ സന്പർക്ക പട്ടിക തയാറാക്കുകയെന്നത് ആരോഗ്യവകുപ്പ് അധികൃതരെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണ്.
കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഏറ്റുമാനൂർ ക്ലസ്റ്റർ മേഖലയായി പ്രഖ്യാപിച്ചിരുന്നു. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നു മുതൽ അടുത്ത അഞ്ചു ദിവസത്തേക്ക് ഏറ്റുമാനൂരിലെയും രണ്ട് കിലോമീറ്റർ ചുറ്റളവിലുമുള്ള കടകൾ അടച്ചിടും. ടൗണിലെ ഓട്ടോ ടാക്സി സർവീസുകൾ നിർത്തിവച്ചു. പേരൂർ ജംഗ്ഷനിലുള്ള പച്ചക്കറി മാർക്കറ്റിലെ 67 തൊഴിലാളികളിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെയാണ് ഇവിടം കോവിഡ് ക്ലസ്റ്റർ മേഖലയായി പ്രഖ്യപിച്ചത്. ഏറ്റുമാനൂരിനു സമീപമുള്ള അതിരന്പുഴ, കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം എന്നീ പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
40 ഇതരസംസ്ഥാന തൊഴിലാളികൾക്കും അഞ്ചു മലയാളികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ചകളിൽ ഇതേ മാർക്കറ്റിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 25ന് മാർക്കറ്റ് അടച്ചിരുന്നു. ഇവരിൽ നിന്നാകാം രോഗം പടർന്നതെന്നാണ് കരുതുന്നത്. മാർക്കറ്റ് അടച്ചതിനെ തുടർന്ന് തൊഴിലാളികൾ എല്ലാവരും മാർക്കറ്റ് കെട്ടിടത്തിന് മുകളിലുള്ള മുറികളിൽ താമസിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിക്കിടയിലുണ്ടായ സന്പർക്കം മൂലമാകാം കോവിഡ് രോഗം രൂക്ഷമായി പടർന്നു പിടിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപായം. ഇന്നലെ രാവിലെ എട്ടോടെ ഏറ്റുമാനൂരിൽ പരിശോധന ആരംഭിച്ചത്. രാവിലെ പരിശോധിച്ച 50 പേരിൽ 33 പേർക്കാണ് രോഗം സ്ഥിരികരിച്ചത്.
തുടർന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മാർക്കറ്റിലെ രണ്ടു പേർക്ക് മുൻപ് രോഗം സ്ഥിരീകരിച്ചിട്ടും വേണ്ട സമയങ്ങളിൽ പരിശോധന നടത്താത്തിന്റെ പേരിൽ മാർക്കറ്റിന്റെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തു. ഏറ്റുമാനൂരിലെ പേരൂർ റോഡ് പൂർണമായും അടച്ചു.