കോട്ടയം: ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപമുള്ള വീട്ടിലെ മോഷണത്തിന്റെ നഷ്്ടം സംബന്ധിച്ച് ഇന്നു വ്യക്തതയുണ്ടാകും. വീട്ടുടമസ്ഥൻ ഇന്ന് എത്തിശേഷം പരിശോധിച്ചാലേ നഷ്്ടം തിട്ടപ്പെടുത്താനാകൂവെന്നു പോലീസ് പറഞ്ഞു. വീട്ടുകാർ എത്തിയതിനുശേഷം ഇവരുടെ സാന്നിധ്യത്തിൽ ഇന്നു പോലീസ് വീണ്ടും പരിശോധന നടത്തും.
ഏറ്റുമാനൂർ ശ്രീശൈലം പരേതനായ ശശികുമാറിന്റെ മകൻ ശംഭുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ കുടുംബസമേതം വ്യാഴാഴ്ച വൈകുന്നേരം വീടുപൂട്ടി കോഴിക്കോട് ഒരു ബന്ധുവിന്റെ കല്യാണ ചടങ്ങിനായി പോയിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ചെടി നനയ്ക്കാനും മറ്റുമായി വീട്ടിലെത്തിയ ജോലിക്കാരിയാണ് വീട് കുത്തിത്തുറന്നതായി കണ്ടെത്തിയത്. വാതിൽ തുറന്നു കിടന്നതു കണ്ടു സംശയം തോന്നി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ വാതിലുകൾ കുത്തി പൊളിച്ച നിലയിലാണ്.
അലമാരകളുടെ പൂട്ടും തകർത്തിട്ടുണ്ട്. മുകളിലത്തെ നിലയിലെ വാതിലും തകർത്തു. മോഷണവിവരമറിഞ്ഞ് വീട്ടുടമസ്ഥന്റെ ചില ബന്ധുക്കൾ എത്തിയിരുന്നു. കുടുംബാംഗങ്ങൾ എത്തിയെങ്കിൽ മാത്രമേ എന്തൊക്കെ സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്ന് അറിയാൻ സാധിക്കുകയുള്ളുവെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ഹരിശങ്കറും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി.
ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലും പോലീസ് ശക്തമായ പരിശോധന നടത്തുകയാണ്. എഎസ്പി രീഷ്മാ രമേശൻ, സിഐ എസ്. മഞ്ജുലാൽ, എസ്ഐ എം.സി. എബി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.