ഏറ്റുമാനൂർ: മതിൽ നിർമാണത്തെ ചൊല്ലി നഗരസഭാംഗങ്ങൾ തമ്മിൽ തർക്കം. മതിൽ നിർമാണം അനധികൃതമാണെന്നു കണ്ടെത്തി നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ സ്റ്റോപ് മെമ്മോ നൽകി. എന്നാൽ ഇതിനെ മറികടന്ന് ചെയർമാൻ അനുമതി നല്കി മതിൽ നിർമാണം നടക്കുന്നുവെന്നാണ് വാർഡ് കൗണ്‍സിലറുടെ പരാതി. ഇതോടെ മതിലിന്റെ പേരിലുള്ള തർക്കം രൂക്ഷമായി.
അനധികൃത നിർമാണത്തിനു നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ട് അനുമതി നൽകിയെന്ന ആരോപണവുമായി നഗരസഭാംഗം ടോമി പുളിമാൻതുണ്ടമാണ് രംഗത്തെത്തിയത്. നഗരസഭയുടെ 30-ാം വാർഡിലാണു സ്വകാര്യ വ്യക്തി മതിൽ നിർമിക്കാൻ ആരംഭിച്ചത്.
നിർമാണത്തിനെതിരെ നാട്ടുകാർ നഗരസഭ മരാമത്ത് വിഭാഗത്തിനു പരാതി നൽകിയതിനെത്തുടർന്ന് മരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തുകയും മതിലിന്റെ നിർമാണം അനധികൃതമാണ് എന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് നിർദേശിച്ച് സ്വകാര്യ വ്യക്തിക്കു കത്തു നൽകുകയും ചെയ്തു.
എന്നാൽ സ്വകാര്യ വ്യക്തി നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ടിനെ സമീപിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടർന്ന് പോകുന്നതിനുള്ള അനുമതി വാങ്ങിയെന്നു പറയുന്നു. നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് യാതൊരു വിലയും കൽപിക്കാതെ അനധികൃത നിർമാണത്തിന് ഒത്താശ ചെയ്യുന്ന നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ടിന്റെ നീക്കം നിയമ വിരുദ്ധമാണെന്ന് വാർഡ് അംഗം ടോമി പുളിമാൻതുണ്ടം പറഞ്ഞു.
അതേ സമയം ഒരു അനധികൃത നിർമാണത്തിനും താൻ കൂട്ടു നിൽക്കുന്നില്ലെന്നും നിയമപരമായി സെക്രട്ടറിയാണ് സ്റ്റോപ്പ് മെമ്മോ നൽകേണ്ടതെന്നും അതിനുള്ള ചുമതല അസിസ്റ്റന്റ് എൻജിനിയർക്കു സെക്രട്ടറി നൽകിയിട്ടില്ലെന്നുമാണ് നഗരസഭാ ചെയർമാൻ ഇക്കാര്യത്തിൽ പറയുന്നത്.