ഏറ്റുമാനൂർ: നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം ശേഷിക്കെ യുഡിഎഫ് ക്യാന്പിൽ അങ്കലാപ്പ്. 23നാണ് ചെയർമാൻ തെരഞ്ഞെടുപ്പ്. സ്വതന്ത്ര കൗണ്‍സിലർമാർ അവകാശവാദവുമായി രംഗത്തെത്തിയത് യുഡിഎഫ് നേതൃത്വത്തിനു തലവേദനയായി.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടയിൽ നടക്കുന്ന ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് യുഡിഎഫിന് അഭിമാന പ്രശ്നമാണ്. യുഡിഎഫിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോർജ് പുല്ലാട്ടിനാണ് ഇനി സ്ഥാനം ലഭിക്കേണ്ടത്. യുഡിഎഫിലെ അഭിപ്രായ ഭിന്നതകൾ മുൻനിർത്തി ഭരണം പിടിച്ചടക്കാനാണ് സ്വതന്ത്ര സ്ഥാനാർഥികളെ മുൻനിർത്തി പ്രതിപക്ഷം ശ്രമിക്കുന്നത്.
രാജിവച്ച മുൻ ചെയർമാൻ ജോയ് ഉൗന്നുകല്ലേലിനു പിന്തുണ നൽകി വീണ്ടും രംഗത്തെത്തിക്കാൻ എൽഡിഎഫിന്റെ ശ്രമം നടന്നിരുന്നു. മത്സരിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച് സ്വതന്ത്രയായി ജയിച്ച ബീനാ ഷാജി രംഗപ്രവേശം ചെയ്തതാണ് യുഡിഎഫിനും കേരള കോണ്‍ഗ്രസിനും തലവേദന സൃഷ്ടിച്ചത്.
ബീനാ ഷാജി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകിയാൽ എൽഡിഎഫും ബിജെപിയും പിന്തുണയ്ക്കാനാണ് സാധ്യത. 35അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫും ബിജെപിയും സ്വതന്ത്രരും ഉൾപ്പെടെ 21 പേരുണ്ട്. ഇവർ സ്വതന്ത്ര അംഗത്തെ പിൻതുണച്ചാൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടും.
ഭരണം യുഡിഎഫിനാണെങ്കിലും സ്ഥിരം സമിതികളിൽ ചെയർമാൻ സ്ഥാനം സിപിഎമ്മിനും ബിജെപിക്കുമാണ്. വികസനകാര്യത്തിൽ പി.എസ്. വിനോദും ആരോഗ്യകാര്യസ്ഥിരം സമിതിയിൽ ടി.പി. മോഹൻദാസും. ഇവർ രണ്ടും സിപിഎം ആണ്. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിജെപിയിലെ ഗണേശ് ഏറ്റുമാനൂരും ആണ്.
ആകെ 35 അംഗങ്ങളുള്ള നഗരസഭയിൽ കോണ്‍ഗ്രസ് ഒന്‍പത്, കേരള കോണ്‍ഗ്രസ് എം അഞ്ച്, ബിജെപി അഞ്ച്, സ്വതന്ത്രർ നാല്, സിപിഎം 11, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.