ത്
കോട്ടയം: മന്ത്രി വി.എന്‍. വാസവന് ഏറ്റുമാനൂരിലെ സിപിഎം ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പങ്കെടുത്തത് വിവാദത്തിലായി. ഇതോടെ ലൗലി ജോര്‍ജിനോട് വിശദീകരണം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി.
ശനിയാഴ്ചയാണ് ഏറ്റുമാനൂരിലെ റിംഗ് റോഡുകളുടെ നിര്‍മാണത്തെക്കുറിച്ചും ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തെകുറിച്ചും വിശദീകരിക്കാന്‍ മന്ത്രി വി.എന്‍. വാസവന് എംഎല്‍എ ഓഫീസില്‍ പത്രസമ്മേളനം വിളിച്ചത്.
പിന്നീടാണ് പത്രസമ്മേളനം സിപിഎം ഓഫീസിലേക്ക് മാറ്റിയത്. സ്ഥലപരിമിതി മൂലമാണ് പത്രസമ്മേളനം പാര്‍ട്ടി ഓഫീസിലേക്ക് മാറ്റിയതെന്നാണ് ഇവരുടെ വിശദീകരണം.
മന്ത്രിയോടൊപ്പം ചെയര്‍പേഴ്സണ്‍ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്സണോടു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിശദീകരണം ചോദിച്ചത്.
വിവാദം അനാവശ്യം: ചെയർപേഴ്സൺ
നഗരസഭ പരിധിയിലെ റിംഗ് റോഡുകളുടെ നിര്‍മാണത്തെക്കുറിച്ചും ഏറ്റുമാനൂര്‍-പട്ടിത്താനം ബൈപാസിന്റെ ഉദ്ഘാടനത്തെക്കുറിച്ചും വിശദീകരിക്കാനുള്ള പത്രസമ്മേളനമായതിനാലാണു പങ്കെടുത്തത്.
സ്ഥലം തികയാതെ വന്നപ്പോഴാണ് പത്രസമ്മേളനം സിപിഎം ഓഫീസിലേക്ക് മാറ്റിയത്. ഇതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നുമാണ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഡിസിസിക്കു നൽകിയ വിശദീകരണം.
വികസനത്തില്രാഷ്ട്രീയം കലർത്തരുത്: മന്ത്രി
വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലന്നും സ്ഥലപരിമിതിമൂലമാണ് പത്രസമ്മേളനം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയതെന്നും എല്ലാവരും ഒന്നുചേര്‍ന്ന് വികസനം നടത്തണമെന്നാണ് ആഗ്രഹമെന്നും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.