ഏറ്റുമാനൂർ: മനോദൗർബല്യത്തിന് ആറു വർഷമായി ചികിത്സയിലിരിക്കുന്ന യുവാവിന് പോലീസിന്റെ ക്രൂര മർദനം. വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവിന്റെ പിതാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിയും. ഏറ്റുമാനൂർ ശ്രീനന്ദനം വീട്ടിൽ എസ്.കെ. രാജീവിന്റെ മകൻ അഭയ് എസ്. രാജീവിനെ (25) ഏറ്റുമാനൂർ പോലീസ് മർദിച്ച് അവശനാക്കിയതായാണ് പരാതി.
സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, എസ് സി – എസ് ടി കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.ശനിയാഴ്ച വൈകുന്നേരം ആറിനാണ് യുവാവിനെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും തുടർന്ന് പോലീസ് സ്റ്റേഷനിലുമായിട്ട് മർദിച്ചത്. യുവാവിന്റെ ശരീരമാസകലം മർദനത്തിന്റെ പാടുകളാണ്.
ഓൾഡ് എംസി റോഡിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടകരമായി പാഞ്ഞുവന്ന സ്വകാര്യ ബസിനടിയിൽ പെടാതെ തലനാരിഴയ്ക്കു രക്ഷപെട്ട അഭയ് ബസിനു പിന്നാലെ ബസ് സ്റ്റാൻഡിലെത്തി ബസ് ജീവനക്കാരെ ചോദ്യം ചെയ്തു. അൽപസമയത്തിനകം സ്ഥലത്ത് എത്തിയ എട്ടോളം പേർ വരുന്ന പോലീസ് സംഘം വന്നപാടേ അഭയിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അഭയിന്റെ ഹെൽമറ്റ് ഉപയോഗിച്ചു പോലും ക്രൂരമായി മർദിച്ചു. അവിടെനിന്നും പോലീസ് സ്റ്റേഷനിൽ എത്തിച്ച് നിരീക്ഷണ കാമറ ഇല്ലാത്ത മുകൾ നിലയിൽ കൊണ്ടുപോയി മർദിച്ചതായും അഭയ് പറഞ്ഞു.അഭയിന്റെ ശരീരത്തിലാകമാനം ലാത്തിക്ക് അടിയേറ്റ് കരുവാളിച്ച പാടുകളാണ്.
ശനിയാഴ്ച രാത്രിയിൽ തന്നെ അഭയിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കിടങ്ങൂർ പഞ്ചായത്ത് സെക്രട്ടറിയായ അഭയിന്റെ പിതാവ് രാജീവ് മുമ്പ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ആറു വർഷത്തെ ചികിത്സയിൽ ഭേദമായി വന്ന അഭയിന്റെ രോഗം ഈ സംഭവത്തോടെ വീണ്ടും വഷളായതായി രാജീവ് പറഞ്ഞു.