അറസ്റ്റോ കസ്റ്റഡിയോ ഇല്ലാതെ സ്വമേധയാ ലോക്കപ്പിൽ എത്തിയ അതിഥിയെ കണ്ട് പോലീസുകാർ പകച്ചു. നിമിഷനേരത്തിനുള്ളിൽ അപ്രത്യക്ഷനായ അതിഥിക്കുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ആളെ പിടികിട്ടിയില്ല.
പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ അപ്രതീക്ഷിതമായി എത്തിയത് പാമ്പാണ്. ലോക്കപ്പിനുള്ളിൽ ആളുള്ളപ്പോഴാണ് പാമ്പിന്റെ സന്ദർശനം. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
കൈപ്പുഴ സ്വദേശിയെ ലോക്കപ്പിൽ അടച്ചിട്ടുണ്ടായിരുന്നു. ഈ സമയത്താണ് എവിടെനിന്നോ പാമ്പ് ലോക്കപ്പിനുള്ളിൽ കടന്നത്. ആർക്കും ശല്യമുണ്ടാക്കാതെ ഏതാനും മിനിറ്റുകൾക്കുള്ളിൽ പാമ്പ് അപ്രത്യക്ഷമാകുകയും ചെയ്തു.
തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കേസുകളിൽ പെട്ട വാഹനങ്ങളും പഴയ സാധനങ്ങളുമൊക്കെ കൂട്ടിയിട്ടിരിക്കുന്ന സ്റ്റേഷൻ പരിസരത്തുനിന്നാണ് പാമ്പ് എത്തിയതെന്നു കരുതുന്നു.