ഏറ്റുമാനൂർ: റെയിൽവേ മേൽപാലം പൊളിച്ചതോടെ റെയിൽവേ ലൈനിന് ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കു സഞ്ചാരമാർഗമടഞ്ഞു. പാതയിരട്ടിപ്പിക്കലിന്റെയും റെയിൽവേ സ്റ്റേഷൻമാറ്റി സ്ഥാപിക്കലിന്റെയും ഭാഗമായാണ് റെയിൽവേ മേൽപാലം പൊളിച്ചു നീക്കിയത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഏറ്റുമാനൂർ – നീണ്ടൂർ റോഡിലുള്ള പാലമാണ് പൊളിച്ചത്.
പാത ഇരട്ടിപ്പിക്കുന്നതോടെ പാലത്തിന്റെ നീളവും വീതിയും കൂട്ടി പുനർനിർമിക്കേണ്ടതുണ്ട്. നാലു മാസം മുന്പാണ് പാലം പൊളിച്ചത്. ഡിസംബറോടെ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ നാലുമാസം പിന്നിടുന്പോഴും പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയിട്ടുപോലുമില്ല. പാലം പൊളിച്ചപ്പോൾ ബദൽ യാത്രാ സംവിധാനങ്ങൾ റെയിൽവേ ഒരുക്കിയുമില്ല.
ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ യാത്ര ചെയ്യേണ്ട വാഹനങ്ങൾ അതിരന്പുഴ വഴി കോട്ടമുറിയിലെത്തിയാണ് യാത്ര തുടരേണ്ടത്. റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, കാട്ടാത്തി ഭാഗങ്ങളിലുള്ളവർ ഏറ്റുമാനൂരിലെത്തി വേണം യാത്ര ചെയ്യാൻ. നാല് കിലോമീറ്റർ അധികം യാത്ര ചെയ്യാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്.
അതേസമയം മനയ്ക്കപ്പാടം -റെയിൽവേ സ്റ്റേഷൻ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കിൽ ജനത്തിന് ആശ്വാസമാകുമായിരുന്നു. ഏകദേശം 300 മീറ്റർ മാത്രം വരുന്നതാണ് ഈ റോഡ്. കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെ വാഹനസഞ്ചാരം പോയിട്ട് കാൽനടയാത്ര പോലും അസാധ്യമാണ്. മഴ പെയ്താൽ ഈ റോഡ് ചെളിക്കുളമാകും.
ഗവൺമെന്റ് ഐടിഐ, കേന്ദ്ര സർക്കാരിന്റെ വ്യവസായ പരിശീലന കേന്ദ്രം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങിയിടങ്ങളിലെത്തുന്ന നിരവധി ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാർഥികളും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലിറങ്ങി യൂണിവേഴ്സിറ്റി, മെഡിക്കൽ കോളജ്, വിവിധ കോളജുകൾ, തീർഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കു പോകുന്ന യാത്രക്കാരും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ബുദ്ധിമുട്ടുകയാണ്. മനയ്ക്കപ്പാടം -റെയിൽവേ സ്റ്റേഷൻ റോഡ് ടാർ ചെയ്താൽ ഈ ആളുകൾക്കെല്ലാം ആശ്വാസമാകും.
റെയിൽവേ ലൈനിന് ഇരുവശങ്ങളിലുമുള്ള രണ്ടു പ്രദേശങ്ങൾ പരസ്പരം ബന്ധപ്പെടാൻ മാർഗമില്ലാതെ വലയുന്നു. പാലത്തിന്റെ അഭാവത്തിൽ ഇരുവശങ്ങളിലേക്കും കടക്കാൻ കിലോമീറ്ററുകൾ നടക്കേണ്ട ഗതികേടിലാണവർ.
പാലംപണി പൂർത്തിയാകുന്നതുവരെ ഇരുകരകളെയും ബന്ധിപ്പിച്ച് റെയിൽവേ ട്രാക്കിനു മുകളിലൂടെ താത്ക്കാലിക നടപ്പാത സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.