ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളിൽ നിന്ന് 75 പവൻ തൂക്കം വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്നു പരാതി. നിത്യ പൂജയ്ക്കായി ഉപയോഗിക്കുന്ന വെള്ളി കുടവും കാണാനില്ല.
സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ അന്വേഷണം ആരംഭിച്ചു. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല.
വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ടു മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് നഷ്ടപ്പെട്ട മാല. ഇതിന്റെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല. 200 രുദ്രാഷ മുത്തുകൾ മാലയിലുണ്ടെന്നാണ് അനുമാനം.
ഓരോ മുത്തും മൂന്നു ഗ്രാം വീതം സ്വർണത്തിലാണ് പൊതിഞ്ഞിരിക്കുന്നത് എന്നും കരുതുന്നു.ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് കഴിഞ്ഞമാസമാണ് ചുമതലയേറ്റത്.
പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു മേൽശാന്തി ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്നായിരുന്നു പരിശോധന. ദേവസ്വം അസിസ്റ്റൻഡ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കെട്ടിയ രുദ്രാക്ഷമാല നഷ്്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
എന്നാൽ കണക്കിൽ പെടാത്ത മറ്റൊരു മാല കണ്ടെത്തുകയും ചെയ്തു. വിവരം അറിഞ്ഞ് ദേവസ്വം വിജിലൻസ് പ്രാഥമിക പരിശോധന നടത്തി.
തിരുവാഭരണം നഷ്ടപ്പെട്ടതിനാൽ അന്വേഷണത്തിന്റെ ചുമതല തിരുവാഭരണ കമ്മീഷണർ എസ് അജിത്കുമാറിനാണ്. അടുത്ത ദിവസം ദേവസ്വം കമ്മീഷണർ ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിക്കും.
മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും പറഞ്ഞു. ക്ഷേത്രത്തിലെ മറ്റു ചില വസ്തുക്കൾ കൂടി നഷ്ടപ്പെട്ടതായും സംശയങ്ങളുണ്ട്. ഇത് കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്ന് ആവശ്യ ഉയർന്നിട്ടുണ്ട്.