ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 പവൻ തൂക്കംവരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാലയിലെ മുത്തുകളുടെ എണ്ണത്തിൽ കുറവുണ്ടായ സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു.
ദേവസ്വം കമ്മീഷണറും ദേവസ്വം വിജിലൻസ് എസ്പിയും ഇന്നു രാവിലെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ മുത്തുകളുടെ കുറവു സംബന്ധിച്ചു വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു.
81 സ്വർണ മുത്തുള്ള രുദ്രാക്ഷ മാലയിലെ 23 ഗ്രാം തൂക്കം വരുന്ന ഒന്പതു മുത്തുകളുടെ കുറവാണു വന്നത്.
പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണു മാലയിലെ മുത്തുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് രുദ്രാക്ഷമാല.
വലിയ രുദ്രാക്ഷ മണികളിൽ സ്വർണംകെട്ടിച്ച മാല രണ്ടു മടക്കുകളാക്കിയാണു ചാർത്തിയിരുന്നത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് ഈ മാല. ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് കഴിഞ്ഞമാസമാണു ചുമതലയേറ്റത്.
പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാസാമഗ്രികളും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു മേൽശാന്തി ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്നായിരുന്നു പരിശോധന. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കെട്ടിയ മുത്തുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
കണക്കിൽപ്പെടാത്ത മറ്റൊരു മാല കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പഴയ മാല മാറ്റി പുതിയത് ശേഖരത്തിൽ വെച്ചതാണോ പഴയ മാലയിൽ നിന്നും ഒന്പതു മുത്തുകൾ മാറ്റിയതാണോ എന്നാണ് പരിശോധന നടത്തുന്നത്.
ക്ഷേത്രത്തിലെ മറ്റു വസ്തുക്കൾ കൂടി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. കഴിഞ്ഞ ദിവസം മന്ത്രി വി.എൻ. വാസവൻ ക്ഷേത്രത്തിലെത്തി കാര്യങ്ങൾ വിലയിലിരുത്തിയിരുന്നു. ഇന്നു മന്ത്രി കെ. രാധാകൃഷ്ണനെ നേരിട്ടു കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ലോക്കൽ പോലീസും അന്വേഷണത്തിലാണ്.