e
ഏറ്റുമാനൂർ: മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ‘ഭഗവാനെന്തിനാണ് പാറാവ് ’ എന്ന പ്രയോഗം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ചരിത്രത്തിലിടം നേടിയതാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ മോഷണം ഇതാദ്യത്തെ സംഭവമല്ല.
1981 മേയ് 21ന് ഇവിടെനിന്ന് മഹാദേവന്റെ തങ്കവിഗ്രഹം മോഷ്ടിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പ്രതികരണമായിരുന്നു ഭഗവാനെന്തിനാണ് പാറാവ്. ഇതു കേരളത്തിൽ വലിയ വിവാദങ്ങളുണ്ടാക്കി.
ലോക്കൽ പോലീസിൽനിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പരിശോധനയിൽ പോലീസ് നായ അസാധാരണമായി ക്ഷേത്ര കുളത്തിലേക്ക് ഓടുകയും തിരികെ വരികയുമുണ്ടായി. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു.
പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ക്ഷേത്ര കുളത്തിൽ കിടന്ന ഒരു വെളുത്ത കടലാസ് ശ്രദ്ധിച്ചു. പരിപാവനമായ ക്ഷേത്ര കുളങ്ങളിൽ അത്തരത്തിൽ കടലാസ് ആരും വലിച്ചെറിയില്ലെന്നു തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ കടലാസ് പരിശോധിച്ചു.
തിരുവനന്തപുരം ജില്ലയിലെ പാറശാല സ്വദേശിനി രമണിയെന്ന കുട്ടിയുടെ പേരും സ്കൂൾ മേൽവിലാസവും അതിൽ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ കുട്ടിയുടെ നോട്ട് ബുക്കിന്റെ കടലാസ് ഏറ്റുമാനൂർ ക്ഷേത്ര കുളത്തിൽ കാണപ്പെട്ടത് അസാധാരണമായിരുന്നു.
ഒപ്പം ക്ഷേത്രക്കുളം വറ്റിച്ചപ്പോൾ ഇരുന്പ് പാരയും ലഭിച്ചു. വീട്ടിൽ മണ്ണെണ്ണ വാങ്ങുവാൻ പണമില്ലാഞ്ഞതിനാൽ തന്റെ ബുക്ക് പേപ്പറുകൾ പാറശാലയിലുള്ള കൊച്ചുകുഞ്ഞൻനാടാരുടെ ഇരന്പു കടയിൽ വിറ്റതാണെന്ന് പോലീസിനു രമണി മൊഴി നൽകി.
കൊച്ചുകുഞ്ഞൻ നാടാർ കന്പിപ്പാര തിരിച്ചറിയുകയും നെയ്യാറ്റിൻകര സ്വദേശി സ്റ്റീഫനെന്ന യുവാവാണ് അതുവാങ്ങിയതെന്നും അതു പൊതിഞ്ഞുനൽകിയ കടലാസാണു ക്ഷേത്ര കുളത്തിൽനിന്നും ലഭിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തുടർന്ന് സ്റ്റീഫനെ അറസ്റ്റ് ചെയ്തു.
മുന്പ് വിഗ്രഹ മോഷണ കേസിലെ പ്രതിയായ സ്റ്റീഫൻ ആറുമാസം മുന്പു തന്നെ ഭക്തനായി ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ചുറ്റുപാടും ആചാരങ്ങളും പഠിച്ചു. ഉത്സവത്തിനു സ്ഥാപിച്ച താത്കാലിക തൂണുവഴി മേൽക്കൂരയിൽ കയറി ഓട് പൊളിച്ച് തട്ടിൻപ്പുറത്ത് ഒളിച്ചു.
നട അടച്ചതിനുശേഷം വലിയ ഓട്ടു മണി തുടർച്ചയായി മുഴക്കുന്ന സമയത്ത് ശ്രീകോവിലിന്റെ പൂട്ട് കന്പിപ്പാര ഉപയോഗിച്ചു പൊളിച്ചു അകത്തുകടന്നു. വിഗ്രഹത്തോടൊപ്പം സ്വർണ്ണ പ്രഭയും വെള്ളി കൊണ്ട് തീർത്ത അലങ്കാരവും പൊളിച്ചെടുത്തു.
കയറിയ വഴിയിലൂടെ തന്നെ ഇറങ്ങി മോഷണ മുതൽ അടുത്തുള്ള ഇഞ്ചക്കാട്ടിൽ കുഴിച്ചിട്ടതിനുശേഷം മടങ്ങി.
അന്വേഷണങ്ങൾ ഒതുങ്ങിയതിനുശേഷം തിരികെയെത്തി വിഗ്രഹവുമായി പോകുകയായിരുന്നു സ്റ്റീഫന്റെ ലക്ഷ്യം. അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റീഫനു അഞ്ചു വർഷം കഠിനതടവ് കോടതി വിധിക്കുകയും ചെയ്തു.