ഏറ്റുമാനൂർ: പരിഷ്കാരം പാളിയതോടെ ഏറ്റുമാനൂർ ടൗണ്‍ വീണ്ടും ഗതാഗത കുരുക്കിലായി. വർഷങ്ങളായി ഏറ്റുമാനൂരിനെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ജില്ലാ പോലീസ് മേധാവിയുൾപ്പെടെയുള്ള വിദഗ്ധ സംഘം നടത്തിയ ഗതാഗത പരിഷ്ക്കാരമാണ് ഒടുവിൽ പരാജയപ്പെട്ടത്.
ഇതോടെ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് മിക്കവാറും ദിവസങ്ങളിലും നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്. പാലാ റോഡിലെ പേരൂർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് ഒഴിവാക്കുന്നതിനായി പാലാ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടവഴിയിലൂടെ എത്തി പേരൂർ ജംഗ്ഷനിൽ ആറാട്ട് എതിരേൽപ് മണ്ഡപ്പത്തിന് സമീപം എത്തി ആളെ കയറ്റണം. എന്നാൽ ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് പഴയ പടി തന്നെയാണ്.
ഏറ്റൂമാനൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് എറണാകുളം റോഡിൽ തവളക്കുഴി ജംഗ്ഷൻ വരെയും പാലാ റോഡിൽ പുതിയ ബൈപ്പാസിന് സമീപം വരെയും നീളുകയാണ്.
സെൻട്രൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇന്നേവരെ തെളിയിച്ചിട്ടില്ല. സമാനമായ രീതിയിൽ തന്നെയാണ് തെള്ളകം ജംഗ്ഷനിലെയും ഗതാഗതകുരുക്ക്. ജംഗ്ഷനിൽ ബസുകൾക്ക് നിർത്താനാവശ്യമായ ബസ് ബേ സൗകര്യമില്ലാത്തതാണ് മിക്കവാറും തെള്ളകം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണം. വൈകുന്നേരം സമയങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.