ഏറ്റുമാനൂർ: കത്ത് എഴുതി വച്ച ശേഷം സൈക്കിളിൽ വീട് വിട്ട് പോയ പത്താം ക്ലാസ് വിദ്യാർഥി രക്ഷിതാക്കളെയും പോലീസിനെയും വട്ടം കറക്കി. ഒടുവിൽ കോച്ചി ലുലു മാളിൽ നിന്നും വിദ്യാർഥിയെ കണ്ടെത്തി. ഏറ്റുമാനൂരിലുള്ള ഒരു സ്കൂളിലെ 15 വയസുള്ള പത്താം ക്ലാസ് വിദ്യാർഥിയെ ഇന്നലെ വെളുപ്പിനെയാണ് കാണതായത്. ബാഗും സാധനങ്ങളും വീട്ടിൽനിന്നെടുത്ത പണവുമായിട്ടായിരുന്നു വിദ്യാർഥി വീട്ടൽ നിന്നും ഇറങ്ങിയത്.
പോവുകയാണെന്ന വിവരത്തിന് വീട്ടിൽ കത്തെഴുതിവച്ച ശേഷം സ്വന്തം സൈക്കിളിൽ ഇറങ്ങിതിരിച്ച വിദ്യാർഥി തലയോലപറന്പ് വഴി എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്ത് ലുലു മാളിലും മറ്റും വീട്ടുകാരോടൊപ്പം ഇയാൾ പോയിരുന്നു. ഏറ്റുമാനൂർ പോലിസും വിദ്യാർഥിയുടെ ബന്ധുക്കളും എറണാകുളത്ത് മാളിലും സമീപ പ്രദേശങ്ങളിലും അന്വേഷണം തുടരുന്നതിനിടയിൽ വൈകുന്നേരം ആറ് മണിയോടെ കണ്ടെത്തുകയായിരുന്നു.