ഏറ്റുമാനൂർ: വരൻ ലഹരിക്കടിമയാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണെന്നു പറയുന്നു ഇന്ന് വിവാഹം നടക്കാനിരിക്കെ ഏറ്റുമാനൂരിൽ നിന്നും പ്രതിശ്രൂത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂർ സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഏറ്റുമാനൂരിലെ ലോഡ്ജിൽ നിന്നും കാണാതായത്.
വിവാഹ ചടങ്ങുകൾക്കായി കാന്തല്ലൂരിൽ നിന്നും യുവതിയും ബന്ധുക്കളുമടക്കം ഇന്നലെ വൈകുന്നേരം നാലോടെ ഏറ്റുമാനൂരിൽ എത്തി ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശിയായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തിൽ വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ കാണാതായത്. ലോഡ്ജിൽ ഇവർ എത്തിയതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അഞ്ചു മുതലാണ് യുവതിയെ കാണാതായത്.
യുവതിയുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആണ്. പ്രതിശ്രുത വരൻ കഞ്ചാവിന് അടിമയാണെന്ന വിവരം കഴിഞ്ഞ ദിവസം യുവതിയെ ആരോ തെറ്റിധരിപ്പിച്ചെന്നും ഇതേത്തുടർന്ന് വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് യുവതി ആവശ്യപ്പെട്ടതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
ഇത് മൂലമാകാം യുവതി ഇറങ്ങിപ്പോയത് എന്നാണ് പോലീസ് കരുതുന്നത്. പ്രേമ ബന്ധമോ മറ്റോ ഉണ്ടായിരുന്നോ എന്നു പരിശോധിച്ചെങ്കിലും അത്തരത്തിലൂള്ള സൂചനകൾ ലഭിച്ചിട്ടില്ല .ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.