അതിരന്പുഴ: ഏറ്റുമാനൂരിന്റെ വികസന സ്വപ്നങ്ങൾക്കു ചിറക് മുളയ്ക്കുന്നു. എംജി യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ നടന്ന ഏറ്റുമാനൂരിന്റെ വികസന ശില്പശാലയിലാണ് നിരവധി ആശയങ്ങൾ ഉയർന്നു വന്നത്.
മന്ത്രി വി.എൻ. വാസവൻ വിവിധ മേഖലകളിലെ വിദഗ്ധരെ വിളിച്ചുകൂട്ടി നടത്തിയ ഗ്രൂപ്പ് യോഗങ്ങളിൽ ഉരുത്തിരിഞ്ഞ പദ്ധതികളാണ് ശിൽപശാലയിൽ സമർപ്പിച്ചത്.
കോട്ടയം മെഡിക്കൽ കോളജിനെ എയിംസ് സെന്ററായി ഉയർത്തണമെന്നും നെടുന്പാശേരി- ഏറ്റുമാനൂർ – കോട്ടയം ആറുവരി പാത നിർമാണത്തേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ പറഞ്ഞു.
കൃഷി, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഉൗന്നൽ നൽകുന്ന നിരവധി പദ്ധതികളാണ് ശിൽപശാലയിൽ നിർദ്ദേശിക്കപ്പെട്ടത്.
എംജി യൂണിവേഴ്സിറ്റിയിൽ അക്കാദമിക് സിറ്റിയും സയൻസ് പാർക്കും ഇന്ത്യൻ നാഷണൽ റിസർച്ച് ആൻഡ് അക്കാദമിക് കോംപ്ലക്സും സ്ഥാപിക്കുക, കോട്ടയം മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്കുയർത്തുക, കുമരകത്തെയും സമീപ പഞ്ചായത്തുകളെയും ഉത്തരവാദിത്വ ടൂറിസം ലേണിംഗ് ഹബാക്കി മാറ്റുക, ഫ്ളോട്ടിംഗ് റസ്റ്ററന്റുകൾ, കുമരകം – മണിയാപറന്പ് – നീണ്ടൂർ ബയോഡൈവേഴ്സിറ്റി സർക്യൂട്ട്, തിരുവാർപ്പിൽ എക്സ്പീരിയൻസ് ടൂറിസം പദ്ധതി, നീണ്ടൂരിൽ അഗ്രി ടൂറിസം ഹബ്, അയ്മനത്ത് ഉത്തരവാദിത്വ ടൂറിസം രണ്ടാം ഘട്ട പദ്ധതി, അതിരന്പുഴ – ഏറ്റുമാനൂർ പിൽഗ്രിം ടൂറിസം കേന്ദ്രം, ഫാം ടൂറിസം എന്നിങ്ങനെ നിരവധി പ്രോജക്്ടുകൾ ശിൽപശാലയിൽ ചർച്ചയായി.
ജസ്റ്റിസ് കെ.ടി. തോമസ് ശിൽപശാല ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ ഡോ. അരവിന്ദ് കുമാർ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ – ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, റിട്ട. ജില്ല വനിതാ സുരക്ഷാ ഓഫീസർ എസ്. ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം വിശ്വൻ, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സണ് ലൗലി ജോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിബി ബിനു, കെ.ജി. ഹരിദാസ്, ബിനു ബോസ്, ജോസ് ഇടവഴിക്കൽ, ലതികാ സുഭാഷ്, കെ.എൻ. വേണുഗോപാൽ, കെ.എൻ. രവി തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.