കളഞ്ഞുകിട്ടിയ വന്‍തുക പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു! പരാതിയുമായി ആരും എത്താതിരുന്നതിനാല്‍ ഫേസ്ബുക്കിലൂടെ അറിയിപ്പ് നല്‍കി ഉടമയെ കണ്ടെത്തി; മാതൃകയായി യുവവ്യാപാരി

അന്യരുടെ മുതലുകൂടി ഏതുവിധേനയും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതല്‍. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തരായിട്ടുള്ളത്. അക്കൂട്ടത്തിലൊരാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം ഏറ്റുമാനൂരിലെ ഒരു യുവ വ്യാപാരി. സംഭവമിങ്ങനെ…

ഏറ്റുമാനൂര്‍ നഗരത്തില്‍ ഫുട്പാത്തില്‍ വച്ച് കളഞ്ഞുപോയ വന്‍ തുക പോലീസില്‍ ഏല്‍പ്പിച്ച് ആ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ച് പണം നഷ്ടപ്പെട്ടയാള്‍ക്ക് തിരികെ നല്‍കിയ യുവ വ്യാപാരിയാണ് താരമായത്. വെമ്പള്ളി സ്വദേശിയായ വ്യാപാരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ വന്‍ തുകയടങ്ങിയ കെട്ടാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഏറ്റുമാനൂര്‍ ടോംസ് ടെക്‌സ്‌റ്റൈല്‍സിന് സമീപം ഫുട്പാത്തില്‍ കളഞ്ഞുപോയത്.

തൊട്ടുപിന്നാലെ ഇതുവഴി വന്ന ചിറവാണ്ടൂരിലെ കോട്ടയം സ്റ്റീല്‍സ് ഉടമയായ യുവ വ്യാപാരി തോമസുകുട്ടിക്കാണ് ഇത് കിട്ടിയത്. കെട്ട് പരിശോധിച്ചപ്പോള്‍ പണമാണെന്ന് മനസിലായതോടെ ഇത് പോലീസില്‍ ഏല്‍പ്പിക്കാന്‍ തോമസുകുട്ടി തീരുമാനിക്കുകയായിരുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യം നഗരസഭാ ചെയര്‍മാന്‍ ജോയ് മന്നാമലയെ ഒപ്പം കൂട്ടിക്കൊണ്ടാണ് സ്റ്റേഷനില്‍ എത്തിയത്.

കെട്ട് ഭദ്രമായി സ്റ്റേഷനില്‍ എത്തിച്ച ശേഷം തോമസുകുട്ടി ഈ വിവരം ഫേസ്ബുക്കില്‍ അറിയിച്ചു. പണം കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും ഉടമസ്ഥന്‍ അടയാള സഹിതം എത്തിയാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഇത് മടക്കി കിട്ടുമെന്നുമായിരുന്നു തോമസുകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം, പണം നഷ്ടമായ വ്യാപാരി ബിനു പരാതി കൊടുക്കാന്‍ തയാറായില്ല. പരാതി കൊടുത്തിട്ട് നഷ്ടമായ പണം തിരിച്ചു കിട്ടില്ലെന്നും പരാതി കൊടുത്താല്‍ അതിന്റെ പേരില്‍ വേറെ പണം നഷ്ടമാകുകയെ ഉള്ളുവെന്നും സുഹൃത്തുക്കള്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് ബിനു പരാതിയുമായി പോകാതിരുന്നത്. കളഞ്ഞു പോയ പണം കിട്ടുന്നവര്‍ തിരിച്ചേല്‍പ്പിക്കുന്ന പതിവില്ലല്ലോ എന്നായിരുന്നു ബിനുവിന്റെ ധാരണ.

അതിനിടെയാണ് തോമസുകുട്ടിയുടെ പോസ്റ്റ് കാണുന്നത്. ഉടന്‍ ബിനു പോലീസ് സ്റ്റേഷനില്‍ എത്തി അടയാള സഹിതം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. പണത്തിന്റെ ഉടമസ്ഥന്‍ ബിനു തന്നെയാണ് എന്ന് ഉറപ്പായ പോലീസ് തോമസുകുട്ടിയെ വിളിച്ചു വരുത്തി അദ്ദേഹത്തെക്കൊണ്ട് തുക ബിനുവിന് കൈമാറുകയായിരുന്നു.

 

Related posts