കൽപ്പറ്റ: കേരള വനം വികസന കോർപറേഷന്റെ തോട്ടങ്ങളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് വനം പ്രിൻസിപ്പൽ സെക്രട്ടറി റദ്ദാക്കിയത് നിൽക്കക്കള്ളിയില്ലാതെ.പരിസ്ഥിതി സംഘടനകളും മാധ്യമങ്ങളും ചെലുത്തിയ ശക്തമായ സമ്മർദമാണ് ഉത്തരവ് റദ്ദാക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. ഉത്തരവ് മരവിപ്പിച്ച് എതിർപ്പുകൾ തത്കാലം തണുപ്പിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നു കണ്ടപ്പോഴാണ് ഉത്തരവ് റദ്ദാക്കാൻ ബന്ധപ്പെട്ടവർ തയാറായത്.
ഉത്തരവ് റദ്ദാക്കുന്നതിനു കാന്പയിൻ നടത്താനും മുഖ്യമന്ത്രി, വനം മന്ത്രി, വനം പ്രിൻസിപ്പൽ സെക്രട്ടറി, പിസിസിഎഫ് എന്നിവർക്ക് പരാതി നൽകാനും വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെ സംസ്ഥാനത്തെ പരിസ്ഥിതി സംഘടനകൾ തീരുമാനിച്ചിരുന്നു.കേരള വനം വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ 2023 ജനുവരി 22ലെയും 2024 ജനുവരി 15ലെയും ഫെബ്രുവരി 20ലെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് കോർപറേഷന്റെ തോട്ടങ്ങളിൽ അംഗീകൃത മാനേജ്മെന്റ് പ്ലാൻ കാലാവധി കഴിയുന്നതുവരെ(225 മാർച്ച് വരെ)യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുന്നനു അനുവാദം നൽകിയത്.
ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് വയനാട്ടിലേതടക്കം വനഭൂമിയിൽ വർഷങ്ങൾ മുന്പ് നിർത്തിവച്ച യൂക്കാലിപ്റ്റ്സ് കൃഷി പുനരാരംഭിക്കുന്നത് കേരളത്തിലെ പരിസ്ഥിതിയെ ഒരു നൂറ്റാണ്ട് പിറകോട്ടു കൊണ്ടുപോകുമെന്ന വാദം ഉയർത്തിയാണ് പ്രകൃതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ പ്രതിരോധം ഉയർത്തിയത്.
വനം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനു 1988ലെ ദേശീയ വന നയം അനുസരിച്ച് അനുവാദമില്ല.യൂക്കാലിപ്റ്റ്സും അതുപോലുള്ള വിദേശ വൃക്ഷ ഇനങ്ങളും കാട്ടിൽ നട്ടുവളർത്തുന്നതിനെ 2021 ലെ കേരള വന നയവും വിലക്കുന്നുണ്ട്. എന്നിരിക്കേ യൂക്കാലിപ്റ്റ്സ് കൃഷിക്ക് കേരള വനം വികസന കോർപറേഷന് അനുവാദം നൽകി ഉത്തരവിറങ്ങിയത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷയും സെക്രട്ടറി തോമസ് അന്പലവയലും പറഞ്ഞു.
വനത്തിലെ ഏകവിളത്തോട്ടങ്ങളുടെ ആധിക്യത്തെയാണ് വയനാട് ഉൾപ്പെടെ ജില്ലകളിൽ വനാതിർത്തി പ്രദേശങ്ങളിൽ മനുഷ്യവന്യജീവി സംഘർഷം വർധിച്ചതിന്റെ കാരണങ്ങളിലൊന്നായി പരിസ്ഥിതി രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. മണ്ണിൽനിന്നു വർധിച്ച അളവിൽ വെള്ളം വലിച്ചെടുക്കുന്ന വൃക്ഷ ഇനമാണ് യൂക്കാലിപ്റ്റസ്.
സ്വാഭാവിക വനങ്ങളിലും ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലും ചതുപ്പുകൾ ഇല്ലാതാകുന്നതിനും നദികളുടെ കൈവഴികൾ വറ്റുന്നതിനും യൂക്കാലിപ്റ്റ്സ് കൃഷിയും കാരണമാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കായി ജനം മുറവിളി കൂട്ടുകയാണ്. എന്നിരിക്കേ യൂക്കാലിപ്റ്റസ് കൃഷി അനുവദിച്ച് വനം വകുപ്പ് ഉത്തരവിറക്കിയത് ധിക്കാരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന അഭിപ്രായം പൊതുവെ ഉയർന്നിരുന്നു.