റോം: കോവിഡ് മഹാമാരിയുടെ ഭീഷണി കടന്ന് യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന യൂറോ 2020നാണ് ഇന്ന് റോമിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ പന്തുരുളുക. യുവേഫ യൂറോ കപ്പിന്റെ 16-ാമത് എഡിഷനാണ് ഇന്ന് മിഴിതുറക്കുന്നത്.
11 രാജ്യങ്ങളിലെ 11 സ്റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ യൂറോ. യൂറോപ്യൻ ചാന്പ്യൻഷിപ്പ് പോരാട്ടത്തിന്റെ 60-ാം പിറന്നാളിനോടനുബന്ധിച്ചാണ് ചരിത്രത്തിൽ ആദ്യമായി രണ്ടിലധികം രാജ്യങ്ങളെ ആതിഥേയരാക്കിയത്. സെമി ഫൈനലുകളും ഫൈനലും ലണ്ടനിലെ വെംബ്ലിയിലാണ്. ജൂലൈ 11നാണ് ഫൈനൽ.
ലോക ഫുട്ബോളിലെ പവർ ഹൗസുകളായ ജർമനി, സ്പെയിൻ, ഹോളണ്ട്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബെൽജിയം, ഫ്രാൻസ് തുടങ്ങിയവയെല്ലാം കിരീടമെന്ന ഒറ്റ ലക്ഷ്യത്തിനായി പോരാടുന്പോൾ ആവേശം ഏഴാംകടലിനുമക്കരെയെത്തും.
ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന പോർച്ചുഗലാണ് നിലവിലെ ചാന്പ്യന്മാർ. വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ യൂറോപ്യൻ ചാന്പ്യൻഷിപ്പാണ് ഇതെന്നതും ശ്രദ്ധേയം.
ഫ്രാൻസ് ചരിത്രമെഴുതുമോ
ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ഫ്രാൻസ് യൂറോപ്യൻ കിരീടം ഉയർത്തുമോ എന്നതാണ് ഫുട്ബോൾ ലോകത്തിലെ ചൂടേറിയ ചർച്ച. അങ്ങനെ സംഭവിച്ചാൽ അത് ചരിത്രമാകും, ലോകകപ്പും യൂറോപ്യൻ കപ്പും തുടർച്ചയായി രണ്ട് തവണ നേടുന്ന ആദ്യ രാജ്യമാകും ഫ്രാൻസ്.
1998ൽ ലോകകപ്പും 2000ൽ യൂറോ കപ്പും ഫ്രാൻസ് സ്വന്തമാക്കിയിരുന്നു. 2018 ലോകകപ്പ് നേടിയ ഫ്രാൻസ് ഡബിൾ ഡബിൾ തികയ്ക്കാണ് 2020 യൂറോയിലേക്ക് കണ്ണുവച്ചിരിക്കുകയാണ്.
ആൻത്വാൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, കൈലിയൻ എംബാപ്പെ, ഒലിവിയെ ജിറൂ, കരിം ബെൻസെമ, എൻഗോളൊ കാന്റെ, ഒസമെൻ ഡെംബലെ എന്നിങ്ങനെ നീളുന്ന സൂപ്പർ താരനിരയിലാണ് ലെ ബ്ലൂസിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഈ യൂറോയിലെ ഫേവറിറ്റുകൾ ഫ്രാൻസ് ആണെന്നതിൽ തർക്കമില്ല.
കരുത്തുകൂടിയ പോർച്ചുഗൽ
2016ൽ യൂറോ കപ്പ് നേടുന്പോൾ പോർച്ചുഗലിന്റെ ശ്രദ്ധാകേന്ദ്രം സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ മാത്രമായിരുന്നു. എന്നാൽ, ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. റൊണാൾഡൊയ്ക്കൊപ്പം ഒരു സംഘം മിന്നും താരങ്ങൾ പറങ്കിപ്പടയ്ക്കുണ്ട്.
ഡിയേഗൊ ജോട്ട, ജാവൊ ഫീലിക്സ്, ബെർണാഡൊ സിൽവ, ആ്രന്ദേ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, റൂബെൻ ഡിയസ്, പെപ്പെ, ഫാഫേർ ഗ്വെറേറിയൊ, റൂയി പെട്രീഷ്യൊ എന്നിങ്ങനെ നീളുന്നു പോർച്ചുഗലിന്റെ ലൈനപ്പ് കരുത്ത്.
ലോ മടങ്ങും
ഈ യൂറോ കപ്പ് പോരാട്ടത്തോടെ ജർമൻ ഇതിഹാസ പരിശീലകൻ ജോവാക്വിം ലോ പടിയിറങ്ങും. ഫ്രാൻസ്, പോർച്ചുഗൽ, ഹംഗറി എന്നിവയ്ക്കൊപ്പം മരണഗ്രൂപ്പ് എന്ന വിശേഷണമുള്ള ഗ്രൂപ്പ് എഫിലാണ് ജർമനി.
അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടത്തിൽ മുതൽ ജർമനിക്ക് വിയർപ്പൊഴുക്കേണ്ടിവരും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ടും മൂന്നാം സ്ഥാനക്കാർക്ക് മികച്ച മൂന്നിൽ ഉൾപ്പെട്ടും നോക്കൗട്ടിൽ കടക്കാനുള്ള അവസരമുണ്ട്.
ടോണി ക്രൂസ് എന്ന പ്ലേ മേക്കറിനു ചുറ്റും ഗോർറ്റെസ, കെയ് ഹവേർട്ട്സ്, ഗുണ്ടോഗൻ, മാറ്റ് ഹമ്മൽസ്, തോമസ് മ്യൂളർ, സെർജ് ഗ്നാബ്രി തുടങ്ങിയ ഒരു സംഘമുണ്ടെന്നത് ജർമനിയെ പ്രവചനാതീതമാക്കുന്നു.
കോവിഡിൽ തളർന്ന സ്പെയിൻ
സീനിയർ താരങ്ങൾക്ക് കോവിഡ് പിടിപെട്ടതോടെ യുവതാരങ്ങളുടെ പുതിയൊരു ടീമിനെ കളത്തിലിറക്കേണ്ട ദുരവസ്ഥയിലാണ് സ്പെയിൻ. സെർജിയൊ റാമോസ് അടക്കമുള്ള റയൽ മാഡ്രിഡ് താരങ്ങൾ ലൂയിസ് എൻറിക്വയുടെ ടീമിലില്ല.
യൂറോയ്ക്കു മുന്പുള്ള അവസാന സന്നാഹമത്സരത്തിൽ അണ്ടർ 21 ടീമിനെ അണിനിരത്തിയായിരുന്നു സ്പെയിൻ ഇറങ്ങിയത്. ക്യാപ്റ്റൻ സെർജിയൊ ബുസ്ക്വെറ്റ്സ് കോവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. അതോടെ ഒന്നാം നിര ടീം ക്വാറന്റൈനിലായി.
ഇംഗ്ലണ്ട്, ബെൽജിയം…
ഫ്രാൻസിനുശേഷം ഇത്തവണത്തെ ഫേവറിറ്റുകളുടെ പട്ടികയിലുള്ളത് ഇംഗ്ലണ്ടും ബെൽജിയവുമാണ്. 2018 ലോകകപ്പ് മുതൽ ഇംഗ്ലണ്ട് പ്രധാന ടൂർണമെന്റുകളിൽ കരുത്തറിയിക്കുന്നുണ്ട്. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ശ്രദ്ധേയ താരങ്ങളാൽ സന്പന്നാണ് ഇത്തവണത്തെ ഇംഗ്ലീഷ് ടീം. ഹാരി കെയ്ൻ, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിംഗ്, മാർകസ് റാഷ്ഫോഡ്, സാഞ്ചൊ തുടങ്ങിയവരിലാണ് ഇംഗ്ലീഷ് പ്രതീക്ഷ.
ഫിഫ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരാണ് ബെൽജിയം. 2018 ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച ബെൽജിയത്തിന്റെ ഗോൾഡൻ ജെനറേഷന് ഒരു സുപ്രധാന കിരീടം നേടാനുള്ള അവസാന അവസരമാണ് ഈ യൂറോ. എഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയിൻ, ഡ്രീസ് മാർട്ടെൻസ്, വിറ്റ്സൽ, കാഡിൽ എന്നിവരെല്ലാം പ്രായം 30 കടന്നവരാണ്.
റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ട്, ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ, ഗാരെത് ബെയ്ലിന്റെ വെയ്ൽസ്, ഓസ്ട്രിയ, ഹോളണ്ട്, ഇറ്റലി, ഡെന്മാർക്ക്, കന്നിക്കാരായ ഫിൻലൻഡ്, നോർത്ത് മാസിഡോണിയ തുടങ്ങിയ ടീമുകളും കിരീടത്തിനുതന്നെയാണ് എത്തുന്നത്.
ഇറ്റലി x തുർക്കി
ഫുട്ബോൾ ലോകത്തിൽ അസൂറികളെന്ന പേരെടുത്ത ഇറ്റലിക്കാർ യൂറോ കപ്പ് 2020 ഉദ്ഘാടന പോരാട്ടത്തിൽ തുർക്കിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. ഗ്രൂപ്പ് എയിൽ ജയത്തോടെ ചാന്പ്യൻഷിപ്പ് പോരാട്ടത്തിനു തുടക്കമിടുകയാണ് അസൂറികളുടെ ലക്ഷ്യം.
സ്വിറ്റ്സർലൻഡ്, വെയ്ൽസ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. എന്തിനും മടിക്കാത്ത ഇവർക്കെതിരേ ഇറങ്ങുന്നതിനു മുന്പ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കാനാണ് റോബർട്ടോ മാൻസീനിയുടെ ശിക്ഷണത്തിലിറങ്ങുന്ന ഇറ്റലി ലക്ഷ്യമിടുന്നത്.
ഇറ്റലി എന്നു കേൾക്കുന്പോൾതന്നെ പ്രതിരോധ ഫുട്ബോളിന്റെ ഉപജ്ഞാതാക്കൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, അതെല്ലാം പഴങ്കഥയാക്കി മധ്യനിരയിൽ കളിമെനയുന്ന ആക്രമിക്കാൻ മടിയില്ലാത്ത പുതിയ അസൂറികളാണ് ഇപ്പോഴുള്ളത്.
മാർകൊ വെരാറ്റി, നികോളൊ ബരെല്ല, മാനുവൽ ലോകറ്റെല്ലി, ലോറെൻസൊ പെല്ലെഗ്രിനി തുടങ്ങിയ കളിക്കാരാണ് ഇറ്റലിയുടെ കരുത്ത്. പ്രതിരോധത്തിന്റെ കരുത്തുമായി നിൽക്കുന്ന ജോർജിയൊ കിയെള്ളിനിയും ആക്രമണത്തിനു ചുക്കാൻ പിടിക്കുന്ന ആന്ദ്രെ ബോലോട്ടി, ലോറെൻസോ ഇൻസിഗ്നെ തുടങ്ങിയവരും ഇറ്റലിയുടെ ചാലക ശക്തികളാണ്.
ഗ്വീനെസിന്റെ ശിക്ഷണത്തിലിറങ്ങുന്ന തുർക്കിയുടെ കരുത്ത് ഇറ്റാലിയൻ സീരി എ, ഫ്രഞ്ച് ലീഗ് വണ് എന്നിവയിൽ കളിക്കുന്ന ചില താരങ്ങളാണ്. ഫ്രഞ്ച് ലീഗ് കിരീടം നേടിയ ലില്ലയുടെ താരമായ ബുറക് യിൽമസാണ് തുർക്കിയുടെ നായകൻ.