മ്യൂണിക്: യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ ചിത്രങ്ങൾ തെളിഞ്ഞു. ഇന്നും നാളെയും വിശ്രമം. ഇന്ത്യൻ സമയം വെള്ളി രാത്രി 9.30ന് ആദ്യ ക്വാർട്ടർ പോരാട്ടത്തിന്റെ കിക്കോഫ്.
മുൻചാന്പ്യന്മാരായ സ്പെയിനും ജർമനിയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ.
ഈ യൂറോയിലെ ക്വാർട്ടർ ഫൈനലുകളിൽ രണ്ട് ഹെവിവെയ്റ്റ് പോരാട്ടങ്ങളാണ് അരങ്ങേറുന്നത്, സ്പെയിൻ x ജർമനി, പോർച്ചുഗൽ x ഫ്രാൻസ്. സൂപ്പർ താരങ്ങളായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിലിയൻ എംബപ്പെയും നേർക്കുനേർവരുന്ന പോരാട്ടമാണ് പോർച്ചുഗൽ x ഫ്രാൻസ്. ഇന്ത്യൻ സമയം വെള്ളി അർധരാത്രി 12.30നാണ് ഈ വന്പൻ പോര്.
ഗോളില്ലാ ഫ്രാൻസ്
ഈ യൂറോയിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടും ഒരു ഫീൽഡ് ഗോൾപോലും സ്കോർ ചെയ്യാൻ സാധിക്കാത്ത ടീമാണ് ഫ്രാൻസ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും രണ്ട് സമനിലയുമായിരുന്നു ഫ്രാൻസിന്റെ പ്രകടനം.
ഓസ്ട്രിയയ്ക്കെതിരായ ജയം സെൽഫ് ഗോളിലായിരുന്നു. നെതർലൻഡ്സുമായി ഗോൾ രഹിത സമനില. പോളണ്ടുമായി 1-1ന്റെയും സമനില. പോളണ്ടിനെതിരേ കിലിയൻ എംബപ്പെ പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. പ്രീക്വാർട്ടറിൽ 1-0 നു ബെൽജിയത്തെ കീഴടക്കിയപ്പോഴും ഫ്രാൻസിന്റെ അക്കൗണ്ടിൽ കയറിയത് സെൽഫ് ഗോളായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല. അതേസമയം, ടൂർണമെന്റിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ടീമുകളാണ് സ്പെയിനും ജർമനിയും.