സ്റ്റുട്ഗർട്ട്: യൂറോ കപ്പ് ഗ്രൂപ്പ് എ മത്സരത്തിനിടെ സ്കോട്ലൻഡ് ഗോൾകീപ്പർ ആംഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറിയുടെ ബർണബാസ് വർഗയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ ജീവന് അപകടമാക്കുന്ന രീതിയിലുള്ള പരിക്കില്ലെന്ന് ഹംഗറി പരിശീലകൻ മാർകോ റോസി പറഞ്ഞു. മുഖത്ത് പരിക്കേറ്റ വർഗയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നും യൂറോ കപ്പിൽ തുടർന്ന് കളിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ബോധരഹിതനായി നിലത്തുവീണ വർഗയ്ക്ക് അടിയന്തര ശുശ്രൂഷ നൽകാനായി ഡോക്ടർമാർ ഉടൻ ഗ്രൗണ്ടിലെത്തുകയും ചെയ്തു. വൈദ്യസഹായം നൽകുന്നതിനിടെ സഹകളിക്കാരും ഡോക്ടർമാരും തുണികൊണ്ട് ചുറ്റുംനിന്ന് മറവ് തീർത്തത് ശ്രദ്ധേയമായി. തുടർന്ന് സ്ട്രെച്ചറിൽ ബർണബാസിനെ പുറത്തേക്കെത്തിച്ചു. ചില ഹംഗേറിയൻ താരങ്ങൾ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു.
ഹംഗറിക്ക് ലഭിച്ച ഫ്രീകിക്ക് ഡൊമിനിക് സബോസ്ളായ് വല ലക്ഷ്യമാക്കി പായിച്ചതായിരുന്നു. ഇത് തടയാനെത്തിയ ഗണ്‍, വർഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ വിഎആർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ പെനാൽറ്റി അനുവദിച്ചില്ല. അവസാന മിനിറ്റിൽ ചൊബോത്ത് ഗോൾ നേടിയപ്പോൾ വർഗയുടെ ജഴ്സി കാണിച്ചായിരുന്നു ആഘോഷിച്ചത്.
ജോസ് കുന്പിളുവേലിൽ