ഡുസൽഡോർഫ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ യുക്രെയ്ന്റെ പോരാട്ടവിജയം. ഗ്രൂപ്പ് ഇയിൽ സ്ലോവാക്യക്കെതിരേ ആദ്യപകുതിയിൽ പിന്നിട്ടുനിന്ന യുക്രെയ്ൻ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കി. ഇതോടെ പ്രീക്വാർട്ടർ സാധ്യതയും യുക്രെയ്ൻ നിലനിർത്തി.
43,910 കാണികൾ അണിനിരന്ന ഗാലറിയെ സാക്ഷിനിർത്തി 17-ാം മിനിറ്റിൽ ഇവാൻ ഷ്രാൻസ് സ്ലോവാക്യയെ മുന്നിലെത്തിച്ചു. 33-ാം മിനിറ്റിൽ യുക്രെയ്ന്റെ ടിംചിക് എടുത്ത ഗോൾ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചു. രണ്ടാം പകുതിയിൽ തികച്ചും മാറിയ കളിയുമായാണ് യുക്രെയ്ൻ എത്തിയത്.
54-ാം മിനിറ്റിൽ മൈക്കോള ഷാപാരെങ്കോയിലൂടെ യുക്രെയ്ൻ സമനില പിടിച്ചു. തുടർന്ന് റോമൻ യാരെംചുക്കിന്റെ (80’) ഗോളിൽ ജയവും സ്വന്തമാക്കി. പകരക്കാരുടെ ബെഞ്ചിൽനിന്നായിരുന്നു യാരെംചുക്ക് എത്തിയത്. യുക്രെയ്നുവേണ്ടി പ്രമുഖ ടൂർണമെന്റിൽ സബ്സ്റ്റിറ്റ്യൂട്ടായെത്തി ഗോൾ നേടുന്ന രണ്ടാമത് മാത്രം താരമാണ് യാരെംചുക്ക്.