വാഴ്സോ: സ്പാനിഷ് ക്ലബായ വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യൻ ക്ലബ് ഫുട്ബോൾ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയൽ.
ക്ലബിന്റെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യ മേജർ കിരീടമാണിത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റിയിൽ വീഴ്ത്തിയാണ് വിയ്യാറയൽ കിരീടത്തിൽ മുത്തമിട്ടത്.
നിശ്ചിത സമയത്തും എക്സ്ട്രാ മിനിറ്റിലും 1-1 എന്ന നിലയിലായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 11-10 എന്ന സ്കോറിലാണ് വിയ്യാറയൽ വിജയിച്ചത്. വിയ്യാറയൽ പരിശീലകൻ ഉനായ് എംറിയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്.
ഇന്നത്തെ ഫൈനലിന് അറ്റാക്കിംഗ് ലൈനപ്പുമായാണ് ഒലെ യുണൈറ്റഡിനെ ഇറക്കിയത്. എന്നാൽ കളി നിയന്ത്രിക്കാൻ യുണൈറ്റഡ് തുടക്കത്തിൽ തന്നെ കഷ്ടപ്പെട്ടു. പിൻ നിരയിൽ ക്യാപ്റ്റൻ മഗ്വയർ ഇല്ലാത്തതും പ്രശ്നമായി.
കളിയിലെ ആദ്യ അവസരത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് വിയ്യാറയൽ ലീഡ് എടുത്തു. 29-ാം മിനിറ്റിൽ ഒരു ഫ്രീകികിക്കിൽ നിന്നായൊരുന്നു വിയ്യാറയലിന്റെ ഗോൾ.
പരേഹോ എടുത്ത ഫ്രീകിക്ക് ജെറാഡ് മൊറേനെ ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിന് ശേഷം യുണൈറ്റഡ് തുടർ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ഗോൾ അവസരങ്ങൾ പോലും ആദ്യ പകുതിയിൽ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല.
രണ്ടാം പകുതിയിൽ മാറ്റങ്ങളില്ലാതെ ആണ് യുണൈറ്റഡ് ഇറങ്ങിയത്. അറ്റാക്ക് ചെയ്ത് തുടങ്ങിയ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. 55-ാം മിനിറ്റിൽ കവാനിയിലൂടെ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തുകയും ചെയ്തു.
ഇതിനു ശേഷം കളി പൂർണ്ണമായും യുണൈറ്റഡ് നിയന്ത്രണത്തിലേക്ക് വന്നു. 90 മിനിറ്റും യുണൈറ്റഡ് വിജയ ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. കളി 1-1 നിലയിൽ എക്സ്ട്രാ ടൈമിലേക്ക് കടന്നു. ആധിക സമയത്തും ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താനായില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തി.
പെനാൽറ്റിയിൽ ഇരുടീമിലെയും പത്ത് താരങ്ങളും ലക്ഷ്യം കണ്ടത്തോടെ ഗോൾ കീപ്പറുടെ ഊഴമായി. വിയ്യാറയൽ കീപ്പർ പന്ത് വലയിൽ എത്തിച്ചപ്പോൾ യുണൈറ്റഡ് കീപ്പർ ഡിഹയുടെ കിക്ക് പിഴച്ചു. 11-10 എന്ന സ്കോറിന് പെനാൽറ്റി ഷൂട്ടൗട്ട് വിജയിച്ച് വിയ്യാറയൽ കിരീടത്തിൽ മുത്തമിട്ടു.