ന്യൂയോർക്ക്/ബ്രസൽസ്: വാണിജ്യയുദ്ധം ഉറപ്പായി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറക്കുമതിക്കു ചുങ്കം ചുമത്തിയാൽ അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുങ്കം ചുമത്താൻ യൂറോപ്യൻ യൂണിയൻ (ഇയു) ഒരുങ്ങുന്നു.
ഷർട്ട്, ജീൻസ്, കോസ്മെറ്റിക് സാമഗ്രികൾ, മോട്ടോർ സൈക്കിൾ, ഉല്ലാസനൗക, ഓറഞ്ച് ജ്യൂസ്, ബൂർബൺ വിസ്കി, ചോളം, സ്റ്റീൽ തുടങ്ങിയ സാധനങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്താനാണ് ഇയു ഒരുങ്ങുന്നത്. തിങ്കളാഴ്ച ഇതെപ്പറ്റി ഇയു പ്രതിനിധികൾ ബ്രസൽസിൽ ചർച്ച നടത്തി.
350 കോടി ഡോളർ (22,750 കോടി രൂപ) വിലയ്ക്കുള്ള ഇറക്കുമതിക്കാണ് ഇയു ഇപ്പോൾ ചുങ്കം ആലോചിക്കുന്നത്. ഇന്ന് ഇതേപ്പറ്റി ഔപചാരിക തീരുമാനം ഉണ്ടായേക്കും.ഉരുക്കിന് 25ഉം അലുമിനിയത്തിനു പത്തും ശതമാനം ചുങ്കമാണു ട്രംപ് നിർദേശിച്ചത്. അതിനുള്ള ഉത്തരവ് ഈയാഴ്ച ഇറങ്ങും.
ചുങ്കം അമേരിക്കയുടെ അയൽക്കാരായ കാനഡയെയും മെക്സിക്കോയെയുമാണ് ഏറെ ബാധിക്കുക. അമേരിക്കയുടെ സ്റ്റീൽ ഇറക്കുമതിയിൽ 16 ശതമാനം കാനഡയിൽനിന്നാണ്. ചൈനയിൽനിന്നുള്ളതു രണ്ടു ശതമാനമേ വരൂ.
കാനഡയ്ക്കും മെക്സിക്കോയ്ക്കും ചുങ്കത്തിൽ ഇളവു നല്കണമെങ്കിൽ വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര ഉടന്പടി (നാഫ്റ്റ) പൊളിച്ചെഴുതണമെന്നു ട്രംപ് പറഞ്ഞു. നാഫ്റ്റ തിരുത്തുന്നതിനെപ്പറ്റി മൂന്നു രാജ്യങ്ങളും ചർച്ച നടത്തിവരികയാണ്. പക്ഷേ, ട്രംപ് ഉദ്ദേശിക്കുന്ന തരം കരാറിനു മെക്സിക്കോയും കാനഡയും തയാറല്ല.
ട്രംപിന്റെ, ചുങ്കം നിർദേശത്തോട് അമേരിക്കൻ വ്യവസായങ്ങളും എതിരാണ്. പ്രമുഖ വ്യവസായികൾ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും ജനപ്രതിനിധിസഭാ സ്പീക്കറുമായ പോൾ റയൻ ട്രംപിന്റെ നിർദേശത്തെ വിമർശിച്ചു.