ഇടുക്കി: ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇടുക്കി ആനച്ചാലിൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിനെയാണ് കാണാതായത്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല.
തടാകത്തിന്റെ ഭാഗമായ ടണലിൽ ആഴം കൂടുതലായതിനാൽ ഇവിടെ പരിശോധന നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. അതിനാൽ മറ്റ് സ്ഥലങ്ങളിലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിലെ ഡിഗ്രി വിദ്യാർഥിയാണ് ആൽബിൻ. കായിക താരമായിരുന്ന ആൽബിൻ എട്ടു മാസങ്ങൾക്ക് മുൻപാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്.
പിതാവ് ഷിന്റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കൽ എൽപി സ്കൂളിലെ ടീച്ചറും. ഒരു സഹോദരിയാണ് ആൽബിനുള്ളത്. ആൽബിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.