ബ്രസൽസ്: യൂറോപ്യൻ യൂണിയൻ യുക്രെയ്ന് 5400 കോടി ഡോളറിന്റെ(5000 കോടി യൂറോ) സഹായം നല്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിൾ ആണ് പ്രഖ്യാപനം നടത്തിയത്. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നേതാക്കളാണ് കരാറിൽ ഒപ്പിട്ടത്. ഹംഗറിയുടെ വീറ്റോ ഭീഷണിക്കിടെയാണ് യുക്രെയ്ന് ഇയു സഹായം പ്രഖ്യാപിച്ചത്.
ബ്രസൽസിൽ ചേർന്ന ഉച്ചകോടിക്കിടെ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഹംഗേറിയൻ പ്രസിഡന്റ് വിക്തോർ ഓർബനെതിരേ രൂക്ഷ വിമർശനമുയർത്തി. ഓർബൻ ഭീഷണിപ്പെടുത്തുകയാണെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
റഷ്യയുമായി ഉറ്റബന്ധമുള്ള നേതാവാണു വിക്തോർ ഓർബൻ. ഡിസംബറിൽ യുക്രെയ്ന് 5400 കോടി ഡോളറിന്റെ സഹായം നല്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ സമ്മതിച്ചെങ്കിലും ഓർബാൻ മാത്രം എതിർത്തു.
സാന്പത്തികസഹായം നല്കണമെങ്കിൽ യൂറോപ്യൻ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതം വേണം. യുക്രെയ്ന് യൂറോപ്യൻ യൂണിയൻ അംഗത്വം നല്കാനുള്ള നീക്കത്തെ ഓർബൻ വൈമനസ്യത്തോടെയാണ് അംഗീകരിച്ചത്.
രണ്ടു വർഷം റഷ്യൻ അധിനിവേശം യുക്രെയ്ന്റെ സന്പദ്വ്യവസ്ഥയെ തകർത്തിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ സഹായംകൊണ്ട് നാലു വർഷം ശന്പളവും പെൻഷനും നല്കാനും മറ്റു ചെലവുകൾ നിർവഹിക്കാനും യുക്രെയ്നു കഴിയും.
സഹായത്തിന്റെ ആദ്യഗഡു മാർച്ചിൽ ലഭ്യമാകുമെന്നാണു യുക്രെയ്ൻ പ്രതീക്ഷിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ സഹായത്തിന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നന്ദി അറിയിച്ചു.