കീവ്: യൂറോപ്പിലെ മുടിചൂടാമന്നന്റെ കിരീടധാരണം ഇന്നു രാത്രി നടക്കും. യുവേഫ ചാന്പ്യൻസ് ലീഗ് ക്ലബ് ഫുട്ബോൾ കിരീടപോരാട്ടത്തിൽ സ്പാനിഷ് വന്പനായ റയൽ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ ലിവർപൂളും നേർക്കുനേർ ഇറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം.
ഹാട്രിക് കിരീടം പ്രതീക്ഷിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. 2004-05നുശേഷം കിരീടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് സലയുടെ സംഘമായ ലിവർപൂൾ എത്തുന്നത്. സിനദിൻ സിദാന്റെ ശിക്ഷണത്തിൽ സീസണിലെ ആദ്യ കിരീടമാണ് റയലിന്റെ ലക്ഷ്യം. ഗർഗൻ ക്ലോപിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ലിവർപൂളും സീസണിലെ കന്നിക്കിരീടംതന്നെയാണ് സ്വപ്നം കാണുന്നത്.
2017-18 സീസണ് ചാന്പ്യൻസ് ലീഗിൽ മികച്ച പോരാട്ടങ്ങൾ കാഴ്ചവച്ചുകൊണ്ടാണ് ഇരുടീമും ഫൈനലിലെത്തിയിരിക്കുന്നത്. സെമി ഫൈനലിൽ റയൽ ബയേണ് മ്യൂണിക്കിനെ പരാജയപ്പെടുത്തിയപ്പോൾ ലിവർപൂൾ റോമയെ മറികടന്നു.
റയലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിവർപൂളിന്റെ മുഹമ്മദ് സലയും തമ്മിലുള്ള പോരാട്ടം കൂടിയാകുമിത്. ഈജിപ്ഷ്യൻ താരം സല മികച്ചൊരു സീസണാണിത്. റൊണാൾഡോയും സലയും തമ്മിലാണ് ബലൻ ഡി ഓർ, ഫിഫ പുരസ്കാരങ്ങൾക്കായുള്ള ഏറ്റുമുട്ടൽ നടക്കുക.
ഇവരെക്കൂടാതെ മികച്ച ഒരുപിടി താരങ്ങൾ ഇരുടീമിലുണ്ട്. റൊണാൾഡോയ്ക്കൊപ്പം ഗാരത് ബെയ്ൽ, കരീം ബെൻസെമ, അസെൻസിയോ, ഇസ്കോ, മാഴ്സലോ, സെർജിയോ റാമോസ് എന്നിവർ അണിനിരക്കും. ലിവർപൂളിലാകട്ടെ സലയ്ക്കൊപ്പം റോബർട്ടോ ഫിർമിനോ, സാഡിയോ മാനെ, ജയിംസ് മിൽനർ തുടങ്ങിയവരും. മിൽനറുടെ പേരിൽ ഒന്പത് അസിസ്റ്റും ഫിർമിനോയുടെ പേരിൽ എട്ടെണ്ണവുമാണുള്ളത്.
റയലിനാണ് കിരീടമെങ്കിൽ റൊണാൾഡോ പുതിയ ചരിത്രം കുറിക്കും. അഞ്ച് ചാന്പ്യൻസ് ലീഗ് കിരീടം നേടിയ ആദ്യ താരമാകും ഈ പോർച്ചുഗീസുകാരൻ. ഈ നൂറ്റാണ്ടിൽ ഹാട്രിക്ക് കിരീടം നേടുന്ന ടീമെന്ന ചരിത്ര നേട്ടത്തിനാണ് റയൽ കാത്തിരിക്കുന്നത്.
1956 മുതൽ 60വരെ (അന്ന് യൂറോപ്യൻ കപ്പ്) റയൽ തുടർച്ചയായി കിരീടം നേടിയിരുന്നു. ഇംഗ്ലണ്ടിൽനിന്ന് ഏറ്റവും അധികം തവണ (അഞ്ച്) യൂറോപ്പിന്റെ രാജാക്കന്മാരായ സംഘമാണ് ലിവർപൂൾ. റയൽ ഇതുവരെ 12 തവണ യൂറോപ്പിന്റെ രാജാക്കന്മാരായിട്ടുണ്ട്. കിരീട എണ്ണത്തിൽ രണ്ടക്കം കടന്ന ആദ്യ ടീമും റയൽതന്നെ.
കളത്തിൽ ബിബിസി x എസ്എഫ്എം
രണ്ട് ത്രിമൂർത്തി സംഘങ്ങളുടെ പോരാട്ടമാണ് നടക്കാൻ പോകുന്നതെന്നവിശേഷണവും ചാന്പ്യൻസ് ലീഗ് ഫൈനലിന് അനുയോജ്യം. ലോകത്തിലെ സന്പന്ന സംഘമായ റയലിന്റെ പാളയത്തിലെ സുവർണ മത്സ്യങ്ങളായ കരിം ബെൻസെമ- ഗാരെത് ബെയ്ൽ-ക്രിസ്റ്റ്യാനോ റൊണാൾഡോ (ബിബിസി) ത്രിമൂർത്തികളും ഉയിർത്തെണീപ്പിന്റെ പാതയിലുള്ള ചെന്പടയുടെ മുഹമ്മദ് സല- റോബർട്ടോ ഫിർമിനോ-സാഡിയോ മാനെ (എസ്എഫ്എം) സംഘവും തമ്മിലുള്ള പോരാട്ടമാണിത്.
ചാന്പ്യൻസ് ലീഗിൽ റൊണാൾഡോ 15 ഗോളടിച്ച് ഗോൾവേട്ടയിൽ ഒന്നാമതാണ്. ബെയ്ലും (ഒരു ഗോൾ) ബെൻസെമയും (നാല് ഗോൾ) പക്ഷേ അത്ര ശോഭിച്ചില്ല. എന്നാൽ, ഈ സീസണിൽ വിവിധ മത്സരങ്ങളിലായി ബിബിസി സഖ്യം ആകെ 74 ഗോൾ അടിച്ചുകൂട്ടി. റൊണാൾഡോ 44ഉം ബെയ്ൽ 19ഉം ബെൻസെമ 11ഉം. മാർക്കോ അസെൻസിയോ (11 ഗോൾ), ഇസ്കോ (ഒന്പത് ഗോൾ), ലൂകാസ് വാസ്ക്വെസ് (എട്ട് ഗോൾ), കാസെമെറീനോ (ഏഴ് ഗോൾ) എന്നിവരും ഈ സീസണിൽ മികവ് കാണിച്ചവരാണ്.
ഈ ചാന്പ്യൻസ് ലീഗിൽ ഏറ്റവും അധികം ഗോളടിച്ച റിക്കാർഡ് ലിവർപൂളിനാണ്. 46 ഗോളുകളാണ് ചെന്പട ചാന്പ്യൻസ് ലീഗിൽ ഇതുവരെ അടിച്ചുകൂട്ടിയത്. മുഹമ്മദ് സലയും (10 ഗോൾ) റോബർട്ടോ ഫിർമിനോയും (10 ഗോൾ) സാഡിയോ മാനെയും (ഒന്പത് ഗോൾ) ചേർന്ന് എതിർവലയിൽ നിക്ഷേപിച്ചത് 29 ഗോളുകൾ!
ഈ സീസണിലെ വിവിധ പോരാട്ടങ്ങളിൽ മൂവർസംഘം ആകെ അടിച്ചത് 90 ഗോളുകളാണ്. സല 44ഉം ഫിർമിനോ 27ഉം മാനെ 19ഉം. ഫിലിപ്പെ കുടീനോയും (സീസണിൽ 12 ഗോൾ) ഇവർക്കൊപ്പം ചേരുന്പോൾ ഗോളടിമേളം നടന്നില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.