മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്. സോറയ ടെർ ബീക്ക്(29) വിഷാദരോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറും മൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകിയത്.
തന്റെ കാമുകന്റെ വീട്ടിലെ സോഫയിൽ വച്ച് ദയാവധം നടത്തണമെന്നും സോറയ ആഗ്രഹം പ്രകടിപ്പിച്ചു. ഉത്കണ്ഠയും വിഷാദവും കാരണം സോറയ സ്വയം ഉപദ്രവിക്കുന്നതിന് പതിവായിരുന്നു. ഇതിനെ തുടർന്ന് സോറയ ചികിത്സ തേടുകയും ചെയ്തിരുന്നു.
2002 മുതൽ ദയാവധം നെതർലൻഡ്സിൽ നിയമവിധേയമാണ്. അതേസമയം സോറയയ്ക്ക് ദയാവധം അനുവദിച്ചതിനെ എതിർത്ത് വലിയ പ്രതികരണങ്ങൾ നെതർലൻഡ്സിൽ ഉയർന്നുവന്നു. എന്നാൽ ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ലെന്ന് സൈക്യാട്രിസ്റ്റ് പറഞ്ഞതിന് ശേഷമാണ് താൻ മരിക്കാൻ തീരുമാനിച്ചതെന്നും സോറയ വ്യക്തമാക്കിയിരുന്നു.
2022ൽ 8,720 പേരാണ് നെതർലൻഡ്സിൽ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചത്. മുൻ വർഷത്തേക്കാൾ 14 ശതമാനം വർധനവാണ് കണക്കിൽ ഉണ്ടായിരിക്കുന്നത്.