കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ വനപ്രദേശത്ത് ഉപേക്ഷിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എറണാകുളം നെട്ടൂര്‍ സ്വദേശി സഫര്‍ ഷാ (26) യ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെടുകയെന്നാണ് വിവരം.
എറണാകുളം ചീഫ് ജുഡിഷല് മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. എറണാകുളം കലൂരിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചേര്‍ത്തല ചെറുനാട് ആന്റണിയുടെ (വിനോദ്) മകള്‍ ഇവ ആന്റണിയെ (ഗോപിക-17) ആണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇവ ആന്റണിയുടെ സംസ്കാരം ഇന്നലെ നടന്നു.
എറണാകുളത്തെ സ്വകാര്യ സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു ഇവ. പ്രണയത്തില്‍ നിന്നും പിന്മാറിയതോടെ ചില കാര്യങ്ങള്‍ പറഞ്ഞ് ഒഴിയാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വം കാറില്‍കയറ്റി വാല്‍പ്പാറയ്ക്ക് സമീപം കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം തേയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
തുടര്‍ന്ന് പൊള്ളാച്ചിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെക്ക്പോസ്റ്റിലെ പരിശോധയ്ക്കിടെ വാഹനത്തിലെ രക്തക്കറ കണ്ട് ഉദ്യോഗസ്ഥര്‍ സഫറിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.