കാഠ്മണ്ഡു/ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം 8848.86 മീറ്റർ എന്നു പുനർനിർണയിച്ചു.
ചൈനീസ്, നേപ്പാൾ വിദേശകാര്യമന്ത്രിമാർ വെർച്വൽ യോഗത്തിൽ സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
1954ൽ ഇന്ത്യ നടത്തിയ സർവേയിൽ കണ്ടെത്തിയ ഉയരത്തേക്കാൾ 86 സെന്റിമീറ്റർ അധികമാണിത്.
എവറസ്റ്റിന്റെ ഉയരം സംബന്ധിച്ച് ചൈനയും നേപ്പാളും തമ്മിലുള്ള തർക്കത്തിന് ഇതോടെ പരിഹാരമായി. ചൈന-നേപ്പാൾ അതിർത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്.
പർവതാരോഹകർക്ക് ഇരു രാജ്യങ്ങളിൽനിന്നും എവറസ്റ്റ് കയറാനാകും.
റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ 2015ലെ അതിശക്തമായ ഭൂകന്പം ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലം എവറസ്റ്റിന്റെ ഉയരം വർധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണു നേപ്പാൾ സർക്കാർ കൃത്യമായ ഉയരം നിർണയിക്കാൻ തീരുമാനിച്ചത്.
2017ലാണ് നേപ്പാൾ എവറസ്റ്റിന്റെ ഉയരം നിർണയം ആരംഭിച്ചത്. കഴിഞ്ഞ വർഷമാണ് ഇതു പൂർത്തിയായത്.
ത്രിമാനഗണിത സന്പ്രദായം ഉപയോഗിച്ചായിരുന്നു 1954ൽ ഇന്ത്യ എവറസ്റ്റിന്റെ ഉയരം കണക്കാക്കിയത്.
ഇന്ത്യയുടെ മൂന്നാമത്തെ സർവേ ആയിരുന്നു അത്. 1975ൽ ചൈനയുടെ നിർണയത്തിൽ കണ്ടെത്തിയ ഉയരം 8848.11 മീറ്ററായിരുന്നു.
സാറ്റലൈറ്റ് സർവേ സാങ്കേതികവിദ്യ ഉപയോഗിച്ച് 1987ൽ ഇറ്റലി നടത്തിയ സർവേയിൽ എവറസ്റ്റിന്റെ ഉയരം 8872 മീറ്റർ ആയിരുന്നു.