വൈപ്പിൻ: നാമനിർദ്ദേശ പത്രിക തള്ളിയ വൈപ്പിൻ ബ്ലോക്കിലെ ലീഗ് സ്ഥാനാർഥി പി.കെ. അബ്ദുൾ റസാഖിന്റെ രസികൻ പോസ്റ്റ് രാഷ്ട്രീയ പ്രവർത്തകുടെ ഇടയിൽ വൈറലായി.
ചിലേത് റെഡിയാകും, ചിലേത് റെഡിയാകൂല, എനിക്ക് കുഴപ്പൂല കുഴുപ്പിള്ളി പഞ്ചായത്തുമായി പ്രിന്റിംഗ് കരാർ ഉണ്ടായതിനാൽ സ്ഥാനാർഥിയാകാൻ പാടില്ല. അറിയില്ലായിരുന്നു. ക്ഷമ ചോദിക്കുന്നു. ഇതാണ് പോസ്റ്റ്.
പ്രിന്റിംഗ് പ്രസ് നടത്തിപ്പുകാരനായ ഇദ്ദേഹം 2020 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തുമായി പ്രിന്റിംഗ് പണികൾ സംബന്ധമായ ഒരു കരാർ ഉണ്ടാക്കിയിരുന്നത്രേ.
ഇക്കാര്യം ഇദ്ദേഹം നാമനിർദ്ദേശപത്രികയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. സൂഷ്മപരിശോധനയിൽ ഇത് വരണാധികാരി ചൂണ്ടിക്കാണിച്ചതോടെ ഡിവിഷനിൽ പത്രിക നൽകിയിരുന്ന ഇടതു പക്ഷസ്ഥാനാർഥിയായ കെ.എ. സാജിത്ത്, ലീഗിന്റെ റിബൽ സ്ഥാനാർഥിയായ എ.എ. സുധീർ എന്നിവർ ആക്ഷേപമുന്നയിച്ചു.
തുടർന്ന് കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വരണാധികാരി സംസാരിക്കുകയും കാര്യം ഉറപ്പ് വരുത്തുകയും ചെയ്ത ശേഷം പത്രിക തള്ളുകയായിരുന്നു. അതേ സമയം ഡമ്മിയായി ആരും പത്രിക നൽകാതിരുന്നതാണ് വിനയായത്.