ചെറായി: ഒരു വ്യാഴവട്ടത്തിനോടടുത്ത ചരിത്രവുമായി പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയിലെ സായാഹ്ന കൂട്ടായ്മയായ വെളിവളയം ശ്രദ്ധേയമാകുകയാണ്. സായന്തനങ്ങളിൽ പ്രായമായവർ ഒത്തുകൂടി സൊറ പറയുന്ന സംഘമെന്ന വിലാസമല്ല വെളിവളയത്തിനുള്ളത് അതിനും അപ്പുറത്താണ് ഇതിന്റെ പ്രവർത്തനം.
സാധാരണ കൂലിവേലക്കാരും റിട്ടയർ ചെയ്തതും അല്ലാത്തവരുമായ ഉദ്യോഗസ്ഥൻമാരുമുൾപ്പെടെ 25 അംഗങ്ങളുള്ള കൂട്ടായ്മക്കാർ ദിവസവും അഞ്ചരമണിയോടെ ക്ഷേത്രമൈതാനിയിൽ തന്പടിക്കും. തുടർന്ന് സജീവമായ ചർച്ചകളുടെ കെട്ടുകൾ അഴിഞ്ഞുവീഴും. രാത്രി ഏഴരവരെ നാട്ടിലെ സാമൂഹ്യ സാംസ്കാരിക സംബന്ധിയായതും ആനുകാലികവും അല്ലാത്തതുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
ഇതിനിടയിൽ കുടുംബസൗഹൃദങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളും കൂടി വിഷയമാകാറുണ്ട്. ഇത് ഇന്നും ഇന്നലയും തുടങ്ങിയതല്ല 11 വർഷങ്ങൾ പിന്നിട്ട് ഒരു വ്യാഴവട്ടത്തിലേക്ക് അടുക്കുകയാണ് ഈ ഒത്തുചേരൽ. വെറുതെ സൊറ പറഞ്ഞിരിക്കുന്ന സംഘമാണെന്ന് പുറമെ തോന്നുമെങ്കിലും ഈ കൂട്ടായ്മയെക്കുറിച്ച് അടുത്തറിയുന്പോൾ ഈ മനോഭാവം മാറും.
തികഞ്ഞ ചട്ടവട്ടക്കൂടാണ് വെളിവളയത്തിനുള്ളത്. 50 വയസുകഴിഞ്ഞവർക്കു മാത്രമേ അംഗത്വം ലഭിക്കു. ഒരംഗം മരണപ്പെട്ടാൽ കുടുംബത്തിനു 2000 രൂപ മരണാനന്തര സഹായമായി നൽകും. അംഗം മരിച്ചാലോ അംഗത്തിന്റെ വീട്ടിൽ മരണം നടന്നാലോ എല്ലാവരും സംബന്ധിച്ച് റീത്ത് സമർപ്പിക്കും. ഇതു മാത്രമല്ല അർഹതപ്പെട്ട അംഗങ്ങൾക്ക് ചികിത്സാ സഹായവും ചെയ്യുന്നുണ്ട്. പ്രസിഡന്റ് എൻ.പി. ബാബുവും സെക്രട്ടറി എൻ.വി. സുധാകരനുമാണ് ഇപ്പോഴത്തെ സാരഥികൾ .