ആലുവ: അഗ്നിബാധയിൽ ആലുവ സീനത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആർക്കും പരിക്കില്ല. റിപ്പബ്ലിക് ദിനത്തിൽ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് പേഴ്സണൽ കണക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണാണ് അഗ്നിക്കിരയായത്.
മൂന്നുനില കെട്ടിടത്തിന്റെ ഉയരമുള്ള ഗോഡൗണിൽ മാത്രമായി തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ചുറ്റുമുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്ന് കരുതുന്നു. അയൽവീട്ടുകാരാണ് തീ കണ്ടതും ഫയർഫോഴ്സിനെ വിളിച്ചതും. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിന് ഏറ്റവും പിന്നിലായാണ് ഗോഡൗൺ ഉണ്ടായിരുന്നത്. അതേ കെട്ടിടത്തിൽ താമസിക്കുന്ന ശ്യാംജി ക്രിസ്റ്റഫറാണ് ഉടമ.
ഹോർഡിംഗുകൾ, കാർപ്പറ്റുകൾ, കസേരകൾ, മേശകൾ, വലിയ ബോർഡുകൾ, ലൈറ്റുകൾ തുടങ്ങിയവയാണ് ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച ഗോഡൗണിൽ ഉണ്ടായിരുന്നത്. കെട്ടിടത്തിന് പിന്നിലെ മറ്റൊരു വഴിയിലൂടെ ഫയർഫോഴ്സ് വാഹനം എത്തിയതാണ് തീ നിയന്ത്രിക്കാൻ സഹായിച്ചത്. അവധി ദിനമായതിനാൽ ഫാസ്റ്റ് ട്രാക്ക് കോടതി പ്രവർത്തിക്കുന്ന തൊട്ടടുത്ത കെട്ടിടങ്ങളിലെ കടകൾ അടഞ്ഞുകിടക്കുകയായിരുന്നു. ചൂടേറ്റ് സമീപ കെട്ടിടത്തിലെ ഷീറ്റുകളും വയറിംഗുകളും കരിഞ്ഞുപോയി.